SA vs IND : അപൂര്‍വങ്ങളില്‍ അപൂര്‍വമായ സവിശേഷത; കേപ്ടൗണ്‍ ടെസ്റ്റിന് ചരിത്രത്തിലൊരിടം

By Web TeamFirst Published Jan 13, 2022, 7:27 PM IST
Highlights

രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യന്‍ താരങ്ങള്‍ (Team India) എല്ലാവരും ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഒരാളും പോലും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടോ, വിക്കറ്റ് തെറിച്ചിട്ടോ, റണ്ണൗട്ടോ ആയി മടങ്ങിയിട്ടില്ല.

കേപ്ടൗണ്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക (SA vs IND) മൂന്നാം ടെസ്റ്റിന് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സവിശേഷതയുണ്ട്. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യന്‍ താരങ്ങള്‍ (Team India) എല്ലാവരും ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഒരാളും പോലും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടോ, വിക്കറ്റ് തെറിച്ചിട്ടോ, റണ്ണൗട്ടോ ആയി മടങ്ങിയിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

രണ്ട് ഇന്നിംഗ്‌സിലുമായി 19 വിക്കറ്റുകള്‍ ക്യാച്ചിലൂടെ മാത്രം അവസാനിച്ച സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. അതും ഒന്നല്ല, അഞ്ച് തവണ. 1982-83ലെ ആഷസ് പരമ്പരയിലായിരുന്നു ആദ്യത്തേത്. അന്ന് ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിന്റെ 19 താരങ്ങള്‍ ക്യാച്ചിലൂടെയാണ് പുറത്തായത്. 2009-10ല്‍ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇത്തരത്തില്‍ സംഭവിച്ചു. സിഡ്‌നിയില്‍ പാകിസ്ഥാന് 19 വിക്കറ്റുകള്‍ നഷ്ടമായത് ക്യാച്ചിലൂടെ. 

2010-11ല്‍ ഡര്‍ബനില്‍ ഇന്ത്യക്കും ഇത്തരത്തില്‍ സംഭവിച്ചു. ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു അന്ന് എതിരാളി. 2013-14ല്‍ ആഷസ് പരമ്പരയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റിലും ഇതുപോലെ സംഭവിക്കുകയുണ്ടായി. 2019-10ല്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ കേപ്ടൗണ്‍ ടെസ്റ്റിനും ഇതേ അവസ്ഥയായിരുന്നു. എന്നാല്‍ 20 വിക്കറ്റുകളും ക്യാച്ചിലൂടെ നഷ്ടമാകുന്നത് ചരിത്രത്തിലാദ്യം. 

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും മാത്രമാണ് ഈ സവിശേഷ സാഹചര്യം ഉണ്ടായിട്ടുള്ളത്. ബ്രിസ്‌ബേനില്‍ രണ്ട് തവണയും സിഡ്‌നി ഒരു തവണയും ഈ പ്രത്യേകത വേദിയായി. ദക്ഷിണാഫ്രിക്കയില്‍ കേപ്ടൗണിലും ഡര്‍ബനിലുമാണ് ഇങ്ങനെ സംഭവിച്ചത്.

click me!