SA vs IND : സിക്‌സറുകള്‍ മാത്രമല്ല ക്രിക്കറ്റ്, സിംഗിളും ലീവും വേണം; റിഷഭ് പന്തിന് ഹര്‍ഭജന്‍റെ ഉപദേശം

By Web TeamFirst Published Jan 11, 2022, 12:36 PM IST
Highlights

വിക്കറ്റ് വലിച്ചെറിയുമ്പോഴും റിഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍താരം 

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ (South Africa vs India 2nd Test) പുറത്താകലിന്‍റെ പേരില്‍ അതിരൂക്ഷ വിമര്‍ശനം നേരിടുന്ന റിഷഭ് പന്തിനെ (Rishabh Pant) കടന്നാക്രമിച്ച് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). സിക്‌സറുകളടിക്കുന്നത് മാത്രമല്ല, സിംഗിളുകളെടുക്കുന്നതും പന്ത് ലീവ് ചെയ്യുന്നതും ക്രിക്കറ്റാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഹര്‍ഭജന്‍. അതേസമയം റിഷഭിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട് എന്നും ഭാജി പറഞ്ഞു. 

റിഷഭ് മാച്ച് വിന്നര്‍, പക്ഷേ... 

'ടീം ഇന്ത്യയെ ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. വിദേശത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള, മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറുണ്ടെങ്കില്‍ അത് റിഷഭാണ്. അത്തരം ഇന്നിംഗ്‌സുകള്‍ വന്ന ബാറ്റാണ് റിഷഭിന്‍റേത്. അനാവശ്യമായാണ് പുറത്താകുന്നതെന്ന് അയാളുടെ ചില ഷോട്ടുകള്‍ കാണുമ്പോള്‍ തോന്നും. ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്നെങ്കില്‍ ഏറെ റണ്‍സ് കണ്ടെത്താമായിരുന്നു. ക്രീസ് വിട്ടിറങ്ങി തുടക്കത്തിലെ ആക്രമിക്കാന്‍ ശ്രമിക്കുന്നതല്ല പോസിറ്റീവായ നീക്കം. പ്രതിരോധിച്ചും പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാകും. 

ബാറ്റ് കറക്കി ഇത്തരം ഷോട്ടിന് ശ്രമിക്കുമ്പോള്‍ ചോദ്യങ്ങള്‍ നിങ്ങളുടെ നേര്‍ക്കുയരും. പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. അദേഹമൊരു മാച്ച് വിന്നറാണ്. നന്നായി കളിക്കുന്ന ദിവസം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ബാറ്റിംഗിന്‍റെ കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അവനോട് സംസാരിക്കണം. സിക്‌സറുകളടിക്കുന്നത് മാത്രമല്ല, സിംഗിളുകള്‍ എടുക്കുന്നതും പന്ത് ലീവ് ചെയ്യുന്നതുമെല്ലാം പ്രധാനമാണ്'- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 

റിഷഭിനെ പിന്തുണച്ച് കോലി 

ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. വാണ്ടറേഴ്‌സിലെ പുറത്താകലില്‍ റിഷഭ് പന്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍താരങ്ങളായ സുനില്‍ ഗാവസ്‌കറും മദന്‍ ലാലും ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. 'സാഹചര്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. വാണ്ടറേഴ്സിൽ പന്ത് പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നു'മായിരുന്നു ഗാവസ്‌കറിന്‍റെ വാക്കുകള്‍. 

അതേസമയം റിഷഭ് പന്തിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ടെസ്റ്റ് നായകന്‍ വിരാട് കോലി സ്വീകരിച്ചത്. 'നിര്‍ണായക സാഹചര്യങ്ങളില്‍ നമ്മളെല്ലാം കരിയറില്‍ പിഴവുകള്‍ വരുത്തിയിട്ടുണ്ട്. തെറ്റുകള്‍ സ്വയം അംഗീകരിക്കുന്ന കാലത്തോളം നമുക്ക് മെച്ചപ്പെടുത്താം. ഒരു തെറ്റ് വീണ്ടും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം. റിഷഭ് പന്ത് ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. നിര്‍ണായക സാഹചര്യങ്ങളില്‍ ടീമിനായി വമ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കും. റിഷഭ് വീഴ്‌ച്ചകളില്‍ നിന്ന് പാഠം പഠിക്കും' എന്നും കോലി കൂട്ടിച്ചേര്‍ത്തു.

SA vs IND : അലക്ഷ്യഷോട്ടിന്‍റെ പേരില്‍ റിഷഭ് പന്തിനെ പുറത്താക്കണോ? മറുപടിയുമായി വിരാട് കോലി

click me!