SA vs IND : അലക്ഷ്യഷോട്ടിന്‍റെ പേരില്‍ റിഷഭ് പന്തിനെ പുറത്താക്കണോ? മറുപടിയുമായി വിരാട് കോലി

By Web TeamFirst Published Jan 11, 2022, 11:54 AM IST
Highlights

ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് ശ്രമിച്ച് റിഷഭ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു

കേപ് ടൗണ്‍: വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ (The Wanderers Stadium, Johannesburg) അലക്ഷ്യ ഷോട്ട് കളിച്ച് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് (Rishabh Pant) രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന് (South Africa vs India 3rd Test) മുമ്പ് റിഷഭിനെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി (Virat Kohli) രംഗത്തെത്തി. നമ്മളെല്ലാം പുറത്തായിട്ടുണ്ടെന്നും തെറ്റ് മനസിലാക്കി തിരുത്തുക മാത്രമാണ് ചെയ്യേണ്ടത് എന്നുമാണ് കോലിയുടെ വാക്കുകള്‍. 

'പരിശീലനത്തിനിടെ റിഷഭ് പന്തുമായി സംസാരിച്ചിരുന്നു. സാഹചര്യത്തിനനുസരിച്ചുള്ള ഷോട്ടാണോ അല്ലയോ എന്നാണ് ആദ്യം ബാറ്റര്‍ക്ക് പിടികിട്ടേണ്ടത്. നിര്‍ണായക സാഹചര്യങ്ങളില്‍ നമ്മളെല്ലാം കരിയറില്‍ പിഴവുകള്‍ വരുത്തിയിട്ടുണ്ട്. ചിലപ്പോള്‍ സമ്മര്‍ദം കൊണ്ട്, അല്ലെങ്കില്‍ ബൗളറുടെ മികവ് കൊണ്ട്, എല്ലാവരും പുറത്തായിട്ടുണ്ട്. എന്തായിരുന്ന തീരുമാനം, എന്താണ് തെറ്റ് സംഭവിച്ചത്, അപ്പോഴത്തെ മൈന്‍ഡ് സെറ്റ് എന്താണെന്ന് മനസിലാക്കുക പ്രധാനമാണ്. തെറ്റുകള്‍ അംഗീകരിക്കുന്ന കാലത്തോളം നമുക്ക് മെച്ചപ്പെടുത്താം. ഒരു തെറ്റ് വീണ്ടും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം. റിഷഭ് പന്ത് ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. നിര്‍ണായക സാഹചര്യങ്ങളില്‍ ടീമിനായി വമ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കും. വീഴ്‌കളില്‍ നിന്ന് പാഠം പഠിക്കും' എന്നും കോലി കൂട്ടിച്ചേര്‍ത്തു.

ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് ശ്രമിച്ച് റിഷഭ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. വാണ്ടറേഴ്‌സിലെ പുറത്താകലില്‍ റിഷഭ് പന്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍താരങ്ങള്‍ പിന്നാലെ രംഗത്തെത്തി. 'ധീരതയും വിഡ്ഢിത്തവും തമ്മിൽ നേരിയ വ്യത്യസമാണുള്ളത്. പന്തിന്‍റെ ഷോട്ടുകളിൽ ഇപ്പോഴുള്ളത് വിഡ്ഢിത്തമാണെന്ന്' മുൻ ഓപ്പണർ ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. ഉത്തരവാദിത്തം എന്തെന്നറിയാത്ത ബാറ്റർ എന്നായിരുന്നു സുനില്‍ ഗാവസ്‌കറുടെ വിമർശനം. 'സ്വാഭാവികശൈലിയിൽ കളിച്ച് പുറത്തായെന്ന ന്യായീകരണത്തിൽ കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. വാണ്ടറേഴ്സിൽ പന്ത് പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെ'ന്നും ഗാവസ്‌കർ പറഞ്ഞു.

അതേസമയം റിഷഭ് പന്തിനെ പൂര്‍ണമായും പിന്തുണയ്‌ക്കുന്ന നിലപാടാണ് സഞ്ജയ് മഞ്ജരേക്കര്‍ സ്വീകരിച്ചത്. റിഷഭിന്‍റെ അക്രമണോത്സുക ബാറ്റിംഗിനെ പ്രശംസിച്ച മഞ്ജരേക്കര്‍ താരത്തിന് നന്നായി പ്രതിരോധിച്ച് കളിക്കാനാകും എന്ന് വാദിച്ചു. കേപ് ടൗണില്‍ ഇന്ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ റിഷഭ് പന്തിന് വിശ്രമം നല്‍കണമെന്ന് മുന്‍ ഓള്‍റൗണ്ടര്‍ മദന്‍ ലാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Rahul Dravid Birthday : രാഹുല്‍ ദ്രാവിഡിന് 49; ആരാധകരെ പിറന്നാള്‍മധുരം നുണയിക്കും ഈ റെക്കോര്‍ഡുകള്‍

click me!