SA vs IND: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ, ദക്ഷിണാഫ്രിക്കയുടെ ജയം 31 റണ്‍സിന്

By Web TeamFirst Published Jan 19, 2022, 10:05 PM IST
Highlights

79 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 51 റണ്‍സെടുത്ത് പുറത്തായി.  രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആന്‍ഡില്‍ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയുമാണ് ടബ്രൈസ് ഷംസിയുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

പാള്‍: ഏകദിന പരമ്പരയിലെ(SA vs IND) ആദ്യ മത്സരത്തില്‍ ഇന്ത്യയെ 31 റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും(Shikhar Dhawan) വിരാട് കോലിയുടെയും(Virat Kohli) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഇരുവരും മടങ്ങിയതോടെ പൊരുതാതെ മടങ്ങിയ യുവതാരങ്ങള്‍ ഇന്ത്യന്‍ തോല്‍വി വേഗത്തിലാക്കി.

29-ാം ഓവറില്‍ 152-2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ കോലി പുറത്തായതിന് ശേഷം  50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 79 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 51 റണ്‍സെടുത്ത് പുറത്തായി.  വാലറ്റത്ത് 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പോരാട്ടം ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആന്‍ഡില്‍ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയുമാണ് ടബ്രൈസ് ഷംസിയുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 296-4, ഇന്ത്യ 50 ഓവറില്‍ 265--8.

തുടക്കത്തിലെ 'രാഹു'കാലം

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ കെ എല്‍ രാഹുലില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി തുടക്കത്തിലെ തല മടങ്ങി. 17 പന്തില്‍ 12 റണ്‍സെടുത്ത രാഹുലിനെ ഏയ്ഡന്‍ മാര്‍ക്രം വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡ‍ി കോക്കിന്‍റെ കൈകളിലെത്തിച്ചു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 46 റണ്‍സെ ഉണ്ടായിരുന്നുള്ളു.

മീശപിരിച്ച് ധവാന്‍, കിംഗായി കോലി

രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോലിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അനായാസം മുന്നോട്ട് നീങ്ങി. കോലി സിംഗിളുകളും ഡബിളുകളുമായി അനായാസം സ്കോര്‍ ചെയ്തപ്പോള്‍ മോശം പന്തുകള്‍ തെരഞ്ഞെടുത്ത് ബൗണ്ടറി കടത്തിയ ധവാന്‍ ഇന്ത്യന്‍ സ്കോറിംഗിന് ഗതിവേഗം നല്‍കി. രണ്ടാം വിക്കറ്റില്‍ 92 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. 26-ാം ഓവറില്‍ കേശവ് മഹാരാജിന്‍റെ പന്തില്‍ ധവാന്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 150ന് അടുത്ത് എത്തിയിരുന്നു. 84 പന്തില്‍ 79 റണ്‍സെടുത്ത ധവാന്‍ 10 ബൗണ്ടറി പറത്തി.

ഫിനിഷ് ചെയ്യാതെ കോലി

റണ്‍സ് പിന്തുരുമ്പോള്‍ എങ്ങനെ ഫിനിഷ് ചെയ്യണമെന്ന് അറിയാവുന്ന കോലി പക്ഷെ അഞ്ച് വര്‍ഷത്തിനിടെയ ക്യാപ്റ്റനല്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഫിനിഷ് ചെയ്യാതെ മടങ്ങി. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ടബ്രൈസ് ഷംസിയെ സ്വീപ് ചെയ്യാനുള്ള കോലിയുടെ ശ്രമം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബാവുമയുടെ കൈകളിലൊതുങ്ങി. 63 പന്തില്‍ 51 റണ്‍സെടുത്ത കോലി മൂന്ന് ബൗണ്ടറി മാത്രമാണ് നേടിയത്.

തകര്‍ന്നടിഞ്ഞ് മധ്യനിര

കോലിയും ധവാനും പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യരും റിഷഭ് പന്തും നല്ല തുടക്കമിട്ടെങ്കിലും വിജയത്തിലേക്ക് ബാറ്റുവീശാന്‍ നില്‍ക്കാതെ വീണു. 17 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ലുങ്കി എങ്കിഡി ഡികോക്കിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ 16 റണ്‍സെടുത്ത റിഷഭ് പന്തിനെ ഫെലുക്കുവായോയുടെ പന്തില്‍ ഡീ കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ എത്തിയ വെങ്കടേഷ് അയ്യര്‍(2) വമ്പനടിക്ക് ശ്രമിച്ച് മടങ്ങിയപ്പോള്‍ അശ്വിനും(7) അധികം പൊരുതി നില്‍ക്കാനായില്ല. വാലറ്റത്ത് ബുമ്രയെ(14*) കൂട്ടുപിടിച്ച് ഷര്‍ദ്ദുല്‍ ഠാക്കൂര്‍(50*) നടത്തിയ പോരാട്ടം ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സടിച്ചു. അഞ്ച് ഫോറും ഒരു സിക്സും പറത്തിയാണ് ഷര്‍ദ്ദുല്‍ 50 റണ്‍സടിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെയും(Temba Bavuma) റാസി വാന്‍ഡര്‍ ഡസ്സന്‍റെയും(Rassie van der Dussen) തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തത്. 96 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്ന വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ബാവുമ 110 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡസ്സന്‍-ബാവുമ സഖ്യമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്‍റെ നട്ടെല്ലായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര(Jasprit Bumrah) രണ്ട് വിക്കറ്റെടുത്തു.

click me!