
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ(SA vs IND) കെ.എൽ.രാഹുലിനെ(KL Rahul) ക്യാപ്റ്റനാക്കിയ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ മുൻതാരം വസീം ജാഫർ(Wasim Jaffer). രാഹുൽ ഭാവിനായകനാണെന്ന് എല്ലാവരും കരുതുന്നു. അദ്ദേഹത്തിന് പഞ്ചാബിനെ നയിച്ച് പരിചയവുമുണ്ട് എന്നാൽ അജിങ്ക്യാ രഹാനെയെ(Ajinkya Rahane) പോലെ പരിചയസമ്പന്നനായ ഒരു താരം ടീമിലുള്ളപ്പോൾ കെ.എൽ.രാഹുലിനെ നായകനായി പരിഗണിച്ചത് ആശ്ചര്യപ്പെടുത്തിയെന്ന് വസീം ജാഫർ പറഞ്ഞു.
ഓസ്ട്രേലിയയിൽ പരമ്പര വിജയത്തിൽ നിർണായകമായത് രഹാനെയുടെ ക്യാപ്റ്റൻസിയാണ്. ഒരു മത്സരത്തിൽ പോലും തോൽവിയറിയാത്ത നായകനെന്ന രഹാനെയുടെ റെക്കോർഡ് സെലക്ഷൻ കമ്മിറ്റി പരിഗണിക്കണമായിരുന്നെന്നും വസീം ജാഫർ പറഞ്ഞു.
രാഹുലിനോട് തനിക്ക് വിരോധമൊന്നുമില്ലെന്നും രാഹുല്‍ യുവതാരമാണെന്നും പഞ്ചാബ് നായകനായിരുന്നിട്ടുള്ള കളിക്കാരനാണെന്നും പറഞ്ഞ ജാഫര്‍ ഇന്ത്യയുടെ ഭാവി നായകനായാണ് രാഹുലിനെ ആരാധകര്‍ കാണുന്നതെന്നും വ്യക്തമാക്കി. ഇതൊക്കെയാണെങ്കിലും കോലിയുടെ അഭാവത്തില്‍ പരിചയസമ്പന്നനായ രഹാനെയായിയരുന്നു വാണ്ടറേഴ്സില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെന്നും ജാഫര്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റിന് മുമ്പ് പുറംവേദന മൂലം കോലി പിന്‍മാറിയതോടെയാണ് കെ.എൽ.രാഹുല്‍ ഇന്ത്യയെ നയിച്ചത്. വാണ്ടറേഴ്സിൽ ആദ്യമായി ഇന്ത്യ പരാജയമറിഞ്ഞതും കഴിഞ്ഞ മത്സരത്തിലാണ്. ബാറ്ററെന്ന നിലയില്‍ തിളങ്ങിയെങ്കിലും നാലാം ദിനത്തിലെ രാഹുലിന്‍റെ പല ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡിംഗ് ക്രമീകരണങ്ങളും വിമര്‍ശനത്തിന് കാരണമായിരുന്നു.
കോലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് രഹാനെയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം മോശം ഫോമിലുള്ള രഹാനെയില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ എടുത്തു മാറ്റി രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. എന്നാല്‍ പരിക്കുമൂലം രോഹിത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പുറത്തായതോടെയാണ് രാഹുല്‍ വൈസ് ക്യാപ്റ്റനായത്. രണ്ടാം ടെസ്റ്റില്‍ രാഹുലിന് കീഴില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റാനയത്.