രണ്ടാം ടി20; 258 എടുത്ത വിന്‍ഡീസിനെ 18.5 ഓവറില്‍ മലര്‍ത്തിയടിച്ച് ദക്ഷിണാഫ്രിക്ക! ഡികോക്ക് ഹീറോ

By Web TeamFirst Published Mar 26, 2023, 9:09 PM IST
Highlights

ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡ‍ീസ് 20 ഓവറില്‍ 5 വിക്കറ്റിന് 258 റണ്‍സെടുത്തു. ടി20യില്‍ വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

സെഞ്ചൂറിയന്‍: ഇത് ചരിത്രം, സിക്‌സര്‍ മഴ പെയ്‌തിറങ്ങിയ സെഞ്ചൂറിയനിലെ രണ്ടാം ട്വന്‍റി 20യില്‍ 258 റണ്‍സ് അടിച്ചുകൂട്ടിയ വെസ്റ്റ് ഇന്‍ഡീസിനെ 18.5 ഓവറില്‍ ആറ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 102 റണ്‍സിലെത്തിയ പ്രോട്ടീസ് ക്വിന്‍റണ്‍ ഡികോക്കിന്‍റെ സെഞ്ചുറി കരുത്തില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ വെറും നാല് വിക്കറ്റ് വിക്കറ്റ് നഷ്‌ടത്തില്‍ ഐതിഹാസിക വിജയം നേടുകയായിരുന്നു. ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്ക് 44 പന്തില്‍ 100 ഉം റീസാ ഹെന്‍‌ഡ്രിക്‌സ് 28 പന്തില്‍ 68 ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രാമും(21 പന്തില്‍ 38*), ഹെന്‍‌റിച്ച് ക്ലാസനും(7 പന്തില്‍ 14*) വിന്‍ഡീസിനെ കൂളായി ഫിനിഷ് ചെയ്‌തു. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 258/5 (20), ദക്ഷിണാഫ്രിക്ക- 259/4 (18.5). 

ഇവിടെ ക്വിന്‍റണ്‍ ഡികോക്ക്

രണ്ടാം ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ 258 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക പവര്‍പ്ലേയില്‍ 6 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സ് അടിച്ചുകൂട്ടി. രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. 2021ല്‍ ശ്രീലങ്കയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് 4 വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 98 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്. സെഞ്ചൂറിയനില്‍ വെറും 15 പന്തില്‍ ഫിഫ്റ്റി തികച്ച ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കോണ് ദക്ഷിണാഫ്രിക്കയ്ക്ക് ഹിമാലയന്‍ പവര്‍പ്ലേ സ്കോര്‍ നല്‍കിയത്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഡികോക്ക് 24 പന്തില്‍ 64 ഉം സഹ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് 12 പന്തില്‍ 35 റണ്‍സുമായാണ് ക്രീസില്‍ നിന്നത്. പിന്നാലെ 43 പന്തില്‍ ഡികോക്ക് സെഞ്ചുറി തികച്ചതോടെ ദക്ഷിണാഫ്രിക്ക 11-ാം ഓവറില്‍ 150 പിന്നിട്ടു. 

ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ഡികോക്ക്, റീഫെറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസിന്‍റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ ക്വിന്‍റണ്‍ ഡികോക്കും റീസാ ഹെന്‍‌ഡ്രിക്‌സും 10.5 ഓവറില്‍ നേടിയത് 152 റണ്‍സ്. മൂന്നാമനായി വന്നയുടനെ അടി തുടങ്ങിയ റിലൈ റൂസ്സോ തൊട്ടടുത്ത ഓവറില്‍ 4 പന്തില്‍ ഒരു ഫോറും 2 സിക്‌സും സഹിതം 16 റണ്‍സുമായി മടങ്ങി. 13-ാം ഓവറിലെ നാലാം പന്തില്‍ റീസാ ഹെന്‍ഡ്രിക്‌സിനെ സ്ലോ ബോളില്‍ ഒഡീന്‍ സ്‌മിത്ത് കുടുക്കി. റീസ 28 ബോളില്‍ 11 ഫോറും 2 സിക്‌സും ഉള്‍പ്പടെ 68 അടിച്ചുകൂട്ടി. ഡേവിഡ് മില്ലറും എയ്‌ഡന്‍ മാര്‍ക്രാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 14-ാം ഓവറില്‍ 200 കടത്തി. ഇതോടെ അവസാന 6 ഓവറില്‍ 55 റണ്‍സ് മതി പ്രോട്ടീസിന് ജയിക്കാന്‍ എന്നായി. കൂറ്റനടിക്കാരന്‍ ഡേവിഡ് മില്ലര്‍ പത്ത് പന്തില്‍ 10 റണ്‍സുമായി മടങ്ങിയതൊന്നും ദക്ഷിണാഫ്രിക്കയെ വിജയത്തില്‍ നിന്ന് തടഞ്ഞില്ല. 

അവിടെ ജോണ്‍സണ്‍ ചാള്‍സ്

നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡ‍ീസ് 20 ഓവറില്‍ 5 വിക്കറ്റിന് 258 റണ്‍സെടുക്കുകയായിരുന്നു. ടി20യില്‍ വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് നേടിയ മൂന്നാമന്‍ ജോണ്‍സണ്‍ ചാള്‍സാണ് കരീബിയന്‍ പടയെ ഭീമന്‍ സ്കോറിലെത്തിച്ചത്. 39 പന്തില്‍ ചാള്‍സ് മൂന്നക്കം തികച്ചു. രാജ്യാന്തര ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസ് താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയാണിത്. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിനെ ഒന്നില്‍ നില്‍ക്കേ നഷ്‌ടമായിട്ടും പിന്നീടങ്ങോട്ട് ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെക്കുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ കെയ്‌ല്‍ മെയേഴ്‌സും ജോണ്‍സണ്‍ ചാള്‍സും ടീം സ്കോര്‍ അനായാസം 100 കടത്തി. 

10.1 ഓവറില്‍ മെയേഴ്‌സ് പുറത്താകുമ്പോള്‍ 137 റണ്‍സിലെത്തിയിരുന്നു കരീബിയന്‍ ടീം. മെയേര്‍സ് 27 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 51 അടിച്ചുകൂട്ടി. ഇതിന് ശേഷം വന്ന വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ 3 പന്തില്‍ രണ്ടുമായി കൂടാരം കയറിയെങ്കിലും ഒരറ്റത്ത് അടി തുടര്‍ന്ന ജോണ്‍സണ്‍ 39 പന്തില്‍ സെഞ്ചുറിയിലെത്തി. 14-ാം ഓവറിലെ അവസാന പന്തിലാണ് ചാള്‍സ് മടങ്ങിയത്. മാര്‍ക്കോ യാന്‍സന്‍ പുറത്താക്കുമ്പോള്‍ 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് ചാള്‍സ് നേടിയിരുന്നു. ഇതിന് ശേഷം 19 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമായി റോവ്മാന്‍ പവല്‍ 28 റണ്‍സെടുത്തു. കൂറ്റനടികളുമായി അവസാന ഓവറുകള്‍ ത്രസിപ്പിച്ച റൊമാരിയോ ഷെഫേര്‍ഡ് 18 പന്തില്‍ 1 ഫോറും 4 സിക്‌സും സഹിതം 41* ഉം ഒഡീന്‍ സ്‌മിത്ത് 5 പന്തില്‍ ഒരു സിക്‌സോടെ 11* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

ഡിക്കോക്കിന് 15 പന്തില്‍ ഫിഫ്റ്റി, പവര്‍പ്ലേയില്‍ ടീം സ്കോര്‍ 102; റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്ക

click me!