ഡികോക്കിന് 15 പന്തില്‍ ഫിഫ്റ്റി, പവര്‍പ്ലേയില്‍ ടീം സ്കോര്‍ 102; റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്ക

By Web TeamFirst Published Mar 26, 2023, 8:26 PM IST
Highlights

2021ല്‍ ശ്രീലങ്കയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് 4 വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 98 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്

സെഞ്ചൂറിയന്‍: എന്തൊരു വെടിക്കെട്ട്, രാജ്യാന്തര ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ 259 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക പവര്‍പ്ലേയില്‍ അടിച്ചുകൂട്ടിയത് വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സ്. സെഞ്ചൂറിയനിലെ ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് രണ്ടാം ടി20യിലാണ് പ്രോട്ടീസിന്‍റെ വക പുതു റെക്കോര്‍ഡിന്‍റെ പിറവി. രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. 2021ല്‍ ശ്രീലങ്കയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് 4 വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 98 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്. 2020ല്‍ അയര്‍ലന്‍ഡിനെതിരെ വിക്കറ്റ് നഷ്‌ടമില്ലാതെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 93 റണ്‍സാണ് മൂന്നാമത്. 

സെഞ്ചൂറിയനില്‍ വെറും 15 പന്തില്‍ ഫിഫ്റ്റി തികച്ച ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കോണ് ദക്ഷിണാഫ്രിക്കയ്ക്ക് ഹിമാലയന്‍ പവര്‍പ്ലേ സ്കോര്‍ നല്‍കിയത്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഡികോക്ക് 24 പന്തില്‍ 64 ഉം സഹ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് 12 പന്തില്‍ 35 റണ്‍സുമായാണ് ക്രീസില്‍ നിന്നത്. പിന്നാലെ 43 പന്തില്‍ ഡികോക്ക് സെഞ്ചുറി തികച്ചതോടെ ദക്ഷിണാഫ്രിക്ക 11-ാം ഓവറില്‍ 150 തികച്ചു. 

അവിടെ ജോണ്‍സണ്‍ ചാള്‍സ്

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡ‍ീസ് 20 ഓവറില്‍ 5 വിക്കറ്റിന് 258 റണ്‍സെടുത്തു. ടി20യില്‍ വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സാണ് കരീബിയന്‍ പടയെ ഭീമന്‍ സ്കോറിലെത്തിച്ചത്. 39 പന്തില്‍ ചാള്‍സ് മൂന്നക്കം തികച്ചു. രാജ്യാന്തര ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസ് താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയാണിത്. ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 

ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിനെ ഒന്നില്‍ നില്‍ക്കേ നഷ്‌ടമായിട്ടും പിന്നീടങ്ങോട്ട് ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെക്കുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ കെയ്‌ല്‍ മെയേഴ്‌സും ജോണ്‍സണ്‍ ചാള്‍സും ടീം സ്കോര്‍ അനായാസം 100 കടത്തി. 10.1 ഓവറില്‍ മെയേഴ്‌സ് പുറത്താകുമ്പോള്‍ 137 റണ്‍സിലെത്തിയിരുന്നു കരീബിയന്‍ ടീം. മെയേര്‍സ് 27 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 51 അടിച്ചുകൂട്ടി. ഇതിന് ശേഷം വന്ന വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ 3 പന്തില്‍ രണ്ടുമായി കൂടാരം കയറി. 

എന്നാല്‍ ഒരറ്റത്ത് അടിതുടര്‍ന്ന ജോണ്‍സണ്‍ ചാള്‍സ് 39 പന്തില്‍ സെഞ്ചുറിയിലെത്തി. 14-ാം ഓവറിലെ അവസാന പന്തിലാണ് ചാള്‍സ് മടങ്ങിയത്. മാര്‍ക്കോ യാന്‍സന്‍ പുറത്താക്കുമ്പോള്‍ 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് ചാള്‍സ് നേടിയിരുന്നു. ഇതിന് ശേഷം 19 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമായി റോവ്മാന്‍ പവല്‍ 28 റണ്‍സെടുത്തു. പിന്നാലെ കൂറ്റനടികളുമായി അവസാന ഓവറുകള്‍ ത്രസിപ്പിച്ച റൊമാരിയോ ഷെഫേര്‍ഡ് 18 പന്തില്‍ 1 ഫോറും 4 സിക്‌സും സഹിതം 41* ഉം ഒഡീന്‍ സ്‌മിത്ത് 5 പന്തില്‍ ഒരു സിക്‌സോടെ 11* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

ചാള്‍സ് 46 പന്തില്‍ 118, വിന്‍ഡീസിന് 258! റെക്കോര്‍ഡ്; പ്രോട്ടീസ് തിരിച്ചടിക്കുന്നു, 3 ഓവറില്‍ 62!


 

click me!