അവര്‍ മൂവരേയും പേടിക്കണം; ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ടീം ഇന്ത്യക്ക് സച്ചിന്റെ മുന്നറിയിപ്പ്

By Web TeamFirst Published Dec 14, 2020, 4:58 PM IST
Highlights

മൂന്ന് താരങ്ങളെ പേടിക്കേണ്ടിവരുമെന്നാണ് സച്ചിന്റെ പക്ഷം. ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷാനെ എന്നിവരെ ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മുന്നറിയിപ്പ്. കാര്യങ്ങള്‍ കഴിഞ്ഞ പര്യടനത്തിലെ പോലെ ആവില്ലെന്നാണ് സച്ചിന്‍ പറയാതെ പറയുന്നത്. മൂന്ന് താരങ്ങളെ പേടിക്കേണ്ടിവരുമെന്നാണ് സച്ചിന്റെ പക്ഷം. ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷാനെ എന്നിവരെ ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. 17ന് അഡ്ലെയ്ഡിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. പകല്‍- രാത്രി മത്സരമാണ് ആദ്യത്തേത്. 

2018-19ല്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കടുപ്പമാവുമെന്നാണ് സച്ചിന്‍ പറയുന്നത്. ''ഓസീസ് ബൗളര്‍മാരേക്കാള്‍ ഇന്ത്യക്ക് വെല്ലുവിളിയാവുക അവരുടെ മൂന്ന് ബാറ്റ്‌സ്മാന്മാര്‍ ആയിരിക്കും. വാര്‍ണര്‍, സ്മിത്ത്, ലബുഷാനെ എന്നിവരെ ഭയക്കേണ്ടി വരും. കഴിഞ്ഞ പര്യടനത്തില്‍ മൂവരും ടീമില്‍ ഇല്ലായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ടീമാണ് അവരുടേത്. 

എന്നാല്‍ ഓസീസ് താരങ്ങളെ വെല്ലുവിളിക്കാനുള്ള ബൗളിങ് നിരയും ഇന്ത്യക്കുണ്ട്.  പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ ഇപ്പോള്‍ ടീമിലുണ്ട്. കൂടാതെ ബൗളിങില്‍ വേരിയേഷനുകള്‍ വരുത്താന്‍ ശേഷിയുള്ളവരും ടീമിലുണ്ട്. റിസ്റ്റ് സ്പിന്നര്‍മാരും ഫിംഗര്‍ സ്പിന്നര്‍മാരുമെല്ലാം ഇന്ത്യന്‍ ടീമിനുണ്ട്. എന്നാ്ല്‍ ഇപ്പോഴത്തെ ബൗൡങ് നിരയെ മുന്‍കാല ബൗളര്‍മാരുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഓരോ കാലത്തും വ്യത്യസ്തത പുലര്‍ത്തുന്ന ബൗളര്‍മാരാണ് ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിട്ടുള്ളത്.'' സച്ചിന്‍ പറഞ്ഞു. 

നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് തിരിക്കും. പിന്നീട് അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക. ടീമിലെ സീനിയര്‍ താരമില്ലാത്തത് എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.

click me!