ദൈവം നിയോ​ഗിച്ചു, സച്ചിൻ നിർവഹിച്ചു; ​ഗ്വാളിയോറിൽ പിറന്ന കന്നി ഡബിൾ സെഞ്ച്വറി

Published : Apr 24, 2023, 08:39 AM IST
ദൈവം നിയോ​ഗിച്ചു, സച്ചിൻ നിർവഹിച്ചു; ​ഗ്വാളിയോറിൽ പിറന്ന കന്നി ഡബിൾ സെഞ്ച്വറി

Synopsis

ക്രിക്കറ്റ് ലോകം മാത്രമല്ല, കായിക രം​ഗം തന്നെ അന്നയാൾക്ക് മുന്നിൽ തലകുനിച്ചു. മാസ്റ്റർ ബ്ലാസ്റ്ററെ വാഴ്ത്തിപ്പാടി. 2010 ഫെബ്രുവരി 24നായിരുന്നു ചരിത്ര മുഹൂർത്തം. കരുത്തരായ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളി. ​

രിത്രത്തിന്റെ നിയോ​ഗമായിരിക്കാം അത്. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറിയെന്ന ആരും കാത്തിരിക്കുന്ന നാഴികക്കല്ല് പിറക്കാനുള്ള ഭാ​ഗ്യം സച്ചിൻ ടെണ്ടുൽക്കറെന്ന, അന്നേവരെ ഏകദിന ക്രിക്കറ്റ് അടക്കിവാണ പ്രതിഭയുടെ മേൽ വന്നു ചേരുന്നു. അതിന് മുമ്പ് സയീദ് അൻവറും ​ഗാരി കേഴ്സ്റ്റണുമടക്കം നിരവധി പ്രതിഭകൾ തൊട്ടടുത്ത് വരെയെത്തിയെങ്കിലും ഇടറി വീണിരുന്നു. എന്നാൽ, ക്രിക്കറ്റ് ആരാധകരുടെ നെഞ്ചിടിപ്പിന്റെ വേ​ഗത കൂട്ടി അയാൾ സെഞ്ച്വറിയും കടന്ന് ഇരട്ട സെഞ്ച്വറിയിലേക്ക് ബാറ്റുവീശി.

ക്രിക്കറ്റ് ലോകം മാത്രമല്ല, കായിക രം​ഗം തന്നെ അന്നയാൾക്ക് മുന്നിൽ തലകുനിച്ചു. മാസ്റ്റർ ബ്ലാസ്റ്ററെ വാഴ്ത്തിപ്പാടി. 2010 ഫെബ്രുവരി 24നായിരുന്നു ചരിത്ര മുഹൂർത്തം. കരുത്തരായ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളി. ​നിരവധി പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ​ഗ്വാളിയോറിലെ ക്യാപ്റ്റൻ രൂപ് സിങ് സ്റ്റേഡിയത്തിലാണ് അന്നേവരെ ഏകദിന ക്രിക്കറ്റ് കണ്ടിട്ടില്ലാത്ത ബാറ്റിങ് വിസ്ഫോടനം കണ്ടത്. ഡെയ്ൽ സ്റ്റെയിൻ, ജാക്വിസ് കല്ലിസ്, വെയ്ൻ പാർണൽ തുടങ്ങിയ മുൻനിര ബൗളിങ് നിരക്കെതിരെ സെഞ്ച്വറി എന്നതുതന്നെ ബുദ്ധിമുട്ടേറിയതാണെന്ന ധാരണകളെ തിരുത്തിക്കുറിച്ച് സച്ചിൻ സെഞ്ച്വറിയും കടന്ന് ഡബിൾ സെഞ്ച്വറിയിലെത്തി. അതും തന്റെ 37-ാം വയസ്സിൽ. 147 പന്തിൽ 25 ഫോറും മൂന്ന് സിക്സറുകളും സഹിതമായിരുന്നു സച്ചിന്റെ മാസ്മരിക ഇന്നിങ്സ്. അന്നേവരെ സച്ചിൻ തേച്ചുമിനുക്കിയ മുഴുവൻ സൗന്ദര്യവും നിറഞ്ഞതായിരുന്നു ഓരോ ഷോട്ടും. മാസ്റ്റർ പീസായ സ്ട്രൈറ്റ് ഡ്രൈവും കവർ ഡ്രൈവുമെല്ലാം അന്ന് ചാരുതയേകി.

ചാൾസ് ലാങ് വെൽഡറ്റ് എറിഞ്ഞ  49ാം ഓവറിലെ മൂന്നാം പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിം​ഗിളെടുത്താണ് സച്ചിൻ ചരിത്രം രചിച്ചത്. വിരേന്ദർ സെവാ​ഗായിരുന്നു ഓപ്പണിങ് പങ്കാളി. പതിവിന് വിപരീതമായി സച്ചിനായിരുന്നു തുടക്കത്തിലേ അക്രമിച്ച് കളിച്ചത്.  11 ബോളിൽ 9 റൺസെടുത്ത വീരു മടങ്ങിയതോടെ കൂട്ടിനെത്തിയത് ദിനേശ് കാർത്തിക്. സച്ചിന് പറ്റിയ പങ്കാളിയായി ഡികെ. ഒരു വശത്ത് പേസിനെയും സ്പിന്നിനെയും സച്ചിൻ അക്രമിച്ച് മുന്നേറിയപ്പോൾ ഡികെ വിക്കറ്റ് കാത്ത് സച്ചിന് പറ്റിയ കൂട്ടായി. 219 റൺസ് വരെ ഈ കൂട്ടുകെട്ട് മുന്നേറി. 85 പന്തിൽ 79 റൺസെടുത്ത ഡികെ പുറത്തായപ്പോൾ കൂറ്റനടിക്കാരൻ യൂസഫ് പത്താൻ മിന്നൽ ഇന്നിങ്സുമായി സച്ചിന് കൂട്ടായി. 23 പന്തിൽ 38 റൺസാണ് പത്താൻ നേടിയത്. പിന്നീടെത്തിയത് ക്യാപ്റ്റൻ എംഎസ് ധോണി. മിന്നുന്ന ഫോമിൽ ധോണിയും ബാറ്റുവീശി. 35 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു. സച്ചിൻ ഡബിളിലേക്ക് ബാറ്റേന്തുമ്പോൾ സാക്ഷിയായി നോൺ സ്ട്രൈക്ക് എൻഡിൽ മറ്റൊരു ഇതിഹാസ താരമായ ധോണിയാണെന്നത് മറ്റൊരു ചരിത്ര നിയോ​ഗം.

സച്ചിന്റെ എല്ലാ ഇന്നിങ്സുകളെപ്പോലെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഡബിൾ സെ‍ഞ്ച്വറിയും. 90 പന്തിൽ നിന്നാണ് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത്. 46ാം ഓവറിൽ തന്നെ 194 റൺസെന്ന സയീദ് അൻവറിന്റെ റെക്കോർഡ് സച്ചിൻ മറികടന്നു. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയിട്ടും സച്ചിൻ ആഘോഷിച്ചില്ല. അവശേഷിക്കുന്ന നാല് ഓവറിൽ പരമാവധി സ്ട്രൈക്ക് നേടി സച്ചിൻ ഡബിൾ സെഞ്ച്വറി കടന്ന് മുന്നേറുമോ അതോ 190കളിൽ വീഴുമോ എന്നതായി ആകാംക്ഷ. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു ധോണിയുടെ ശൈലി. മികച്ച ഫോമിലുള്ള ധോണി അവസാന ഓവറുകളിൽ ആളിക്കത്തിയപ്പോൾ സ്ട്രൈക്കിനായി സച്ചിന് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 49ാം ഓവറിലെ മൂന്നാം പന്തിലാണ് ചരിത്രം പിറന്നത്. സ്വതസിദ്ധമായ ശൈലിയിൽ ഹെൽമറ്റഴിച്ച് ബാറ്റുയർത്തി ആകാശത്തേക്ക് ഇരുകൈകളും വിടർത്തി അയാൾ എല്ലാവരോടും നന്ദി പറഞ്ഞു. ​ഗ്വാളിയോറിലെ സ്റ്റേഡിയം മാത്രമല്ല, ലോകം തന്നെ എഴുന്നേറ്റ് നിന്ന് അയാളുടെ നേട്ടത്തെ കരഘോഷത്തോടെ സ്വീകരിച്ചു. ഡബിൾ സെഞ്ച്വറിയിൽ അവസാനിപ്പിക്കാനായിരുന്നില്ല സച്ചിന്റെ പദ്ധതി. പിറ്റേ വർഷം നടന്ന ലോകകപ്പും ഉയർത്തി സച്ചിൻ സ്വപ്നം സാക്ഷാത്കരിച്ചു. അന്ന് ഇന്ത്യയുടെ ടോപ് സ്കോററും ഈ 38കാരൻ തന്നെ.

സച്ചിന് ശേഷം വിരേന്ദർ സെവാ​ഗും രോഹിത് ശർമയും ഇഷാൻ കിഷനും ക്രിസ് ​ഗെയിലും മാർട്ടിൻ ​ഗുപ്തിലും മുതൽ ഒടുവിൽ യുവതാരം ശുഭ്മാൻ ​ഗിൽ വരെ ഡബിൾ സെഞ്ച്വറി നേടിയെങ്കിലും ​ഗ്വാളിയോറിൽ സച്ചിൻ നേടിയ ഇരട്ട സെഞ്ച്വറിയുടെ തിളക്കം ഒന്ന് വേറെ തന്നെ. ഇന്നും ക്രിക്കറ്റ് പ്രേമികൾ ഓർക്കുന്ന മനോ​​ഹരമായ സ്വപ്നം പോലെയായിരുന്നു ആ ഇന്നിങ്സ്.....

രണ്ട് ലോകകപ്പ് ഫൈനലുകള്‍! ആദ്യം ഗാംഗുലിക്ക് കീഴില്‍, പിന്നെ ധോണിക്കൊപ്പം; ഹീറോ സച്ചിനല്ലാതെ മറ്റാര്?

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍