
ലീഡ്സ്: ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ജസ്പ്രീത് ബുമ്രക്ക് മത്സരത്തില്‍ ഒമ്പത് വിക്കറ്റെങ്കിലും കിട്ടേണ്ടതായിരുന്നുവെന്ന് സച്ചിന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
അഭിനന്ദനങ്ങള്‍ ബുമ്ര, ഒരു നോ ബോളും മൂന്ന് ക്യാച്ചുകള്‍ കൈവിടുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഒമ്പത് വിക്കറ്റെങ്കിലും നിങ്ങള്‍ക്ക് കിട്ടേണ്ടതായിരുന്നുവെന്നാണ് ഇന്ത്യൻ ഫീല്‍ഡര്‍മാരെ പരോക്ഷമായി വിമര്‍ശിച്ച് സച്ചിന്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.
ജസ്പ്രീത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്സ്വാള്‍ മാത്രം മൂന്ന് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ആദ്യം ബെന്‍ ഡക്കറ്റിനെ കൈവിട്ട ജയ്സ്വാള്‍ പിന്നീട് ഒല്ലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും കൈവിട്ടു. ബുമ്രയുടെ പന്തില്‍ രവീന്ദ്ര ജഡേജയും ബെന്‍ ഡക്കറ്റിനെ കൈവിട്ടിരുന്നു. മത്സരത്തില്‍ 24.4 ഓവര്‍ എറിഞ്ഞ ബുമ്ര 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തത്. സെന രാജ്യങ്ങളിലെ ബുമ്രയുടെ പത്താമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസര്‍ സെന രാജ്യങ്ങളില്‍ പത്ത് തവണ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
വിദേശത്തെ ടെസ്റ്റുകളില്‍ ബുമ്ര ഇത് പന്ത്രണ്ടാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ വിദേശത്ത് എറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ പേസറെന്ന റെക്കോര്‍ഡിനൊപ്പവും ബുമ്ര എത്തിയിരുന്നു. ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങളാണ് ഇംഗ്ലണ്ടിനെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിന് അടുത്തെത്തിച്ചത്. ഇംഗ്ലണ്ടിനായി 99 റണ്‍സടിച്ച ഹാരി ബ്രൂക്കിനെ രണ്ടാം ദിനം റണ്ണെടുക്കും മുമ്പെ ബുമ്ര പുറത്താക്കിയിരുന്നെങ്കിലും ആ പന്ത് നോ ബോളായത് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക