
മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് പ്രിയ മൈതാനമായ വാംഖഢെയില്‍ വമ്പിച്ച ആദരമൊരുക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. സച്ചിന്‍റെ പൂർണകായ പ്രതിമ ഇവിടെ സ്ഥാപിക്കുമെന്ന് എംസിഎ വ്യക്തമാക്കി. ഇന്ത്യ ഈ വർഷം വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്‍റിനിടെയാവും വാങ്കഢെയിൽ അനാച്ഛാദനം നടക്കുക. ഇതാദ്യമായാണ് വാംഖഢെയില്‍ ഒരു ക്രിക്കറ്റ് താരത്തിന്‍റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അമ്പതാം പിറന്നാളാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്.
രാജ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ താരങ്ങളുടെ വിരലിലെണ്ണാവുന്ന പ്രതിമകള്‍ മാത്രമേ മുമ്പ് നിർമ്മിച്ചിട്ടുള്ളൂ. മുൻ ഇന്ത്യൻ നായകന്‍ കേണൽ സികെ നായിഡുവിന്‍റെ മൂന്ന് വ്യത്യസ്ത പ്രതിമകൾ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം, നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ആന്ധ്രയിലെ വിഡിസിഎ സ്റ്റേഡിയം എന്നിവിടങ്ങളിലുണ്ട്. മറ്റ് താരങ്ങളുടെ ആരുടേയും പ്രതിമകള്‍ രാജ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലില്ല.
ഇതൊരു വലിയ സർപ്രൈസാണ് എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം. 'ഞാന്‍ എല്ലാം ആരംഭിച്ചത് വാംഖഢെയില്‍ നിന്നാണ്. ആദ്യ രഞ്ജി ട്രോഫി മത്സരം കളിച്ചത് ഇവിടെയാണ്. അച്‌രേക്കർ സർ എന്നെ രാകിമിനുക്കിയത് വാംഖഢെയില്‍ വച്ചാണ്. ഞാനെന്‍റെ അവസാന മത്സരം കളിച്ചതും ഇവിടെയാണ്. വലിയ ഓർമ്മകളുള്ള മൈതാനമാണിത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദി അറിയിക്കുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ കാരണമാണ് കരിയറില്‍ ഏറെ നല്ല കാര്യങ്ങള്‍ സംഭവിച്ചത്' എന്നും സച്ചിന്‍ പ്രതികരിച്ചു. 'ഏകദിന ലോകകപ്പ് വേളയിലാവും പ്രതിമ അനാച്ഛാദനം ചെയ്യുക. ഏറെ ക്രിക്കറ്റർമാരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ ചടങ്ങാക്കി മാറ്റാന്‍ ശ്രമിക്കുന്നതായും' എംസിഎ പ്രസിഡന്‍റ് അമോല്‍ കലേ വ്യക്തമാക്കി.
200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കർ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും നേടിയ താരമാണ്. മൂന്ന് ഫോർമാറ്റിലുമായി 34357 റണ്‍സും 100 സെഞ്ചുറികളുമാണ് സച്ചിന്‍റെ പേരിലുള്ളത്. 2011ല്‍ സച്ചിനടങ്ങുന്ന ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് നേടിയ മൈതാനം കൂടിയാണ് വാംഖഢെ സ്റ്റേഡിയം.
ഇന്‍ഡോറില്‍ കളിപ്പിക്കേണ്ടത് രാഹുലിനെയോ ഗില്ലിനേയോ; കാത്തിരുന്ന മറുപടിയുമായി രവി ശാസ്‍ത്രി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!