മത്സരത്തിന് മുമ്പ് രാഹുല്‍-ഗില്‍ ചർച്ചകളില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി
ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് നാളെ ഇന്‍ഡോറില്‍ ആരംഭിക്കാനിരിക്കേ എല്ലാ കണ്ണുകളും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്കാണ്. ഫോമിലല്ലാത്ത കെ എല്‍ രാഹുലിനെ തുടർന്നും കളിപ്പിക്കുമോ അതോ യുവ താരം ശുഭ്മാന്‍ ഗില്ലിന് ടീം അവസരം നല്‍കുമോ എന്നതാണ് ചോദ്യം. രാഹുലിന് ഇനി അവസരം നല്‍കേണ്ടതില്ല എന്ന വാദം ഒരു ഭാഗത്ത് ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നാളെ ഇന്‍ഡോറില്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. മത്സരത്തിന് മുമ്പ് രാഹുല്‍-ഗില്‍ ചർച്ചകളില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
ശുഭ്മാന്‍ ഗില്ലിന് നിർബന്ധമായും അവസരം നല്‍കണം എന്നാണ് രവി ശാസ്ത്രിയുടെ നിലപാട്. 'ഗില്‍ നിലവില്‍ മികച്ച ഫോമിലാണ്, അദേഹം ഇന്‍ഡോറില്‍ റണ്‍സ് കണ്ടെത്തിയാലും ഇല്ലെങ്കിലും ഫോമിന്‍റെ അടിസ്ഥാനത്തില്‍ അദേഹം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അർഹിക്കുന്നു' എന്നുമാണ് ഐസിസിയുടെ വീഡിയോയില്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍. 'വിജയ ഇലവനെ പൊളിക്കുക പരിശീലനെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഈ ബുദ്ധിമുട്ട് കോച്ചായിരിക്കേ ഞാന്‍ അനുഭവിച്ചതാണ്. ഇതാണ് നിലവിലെ അവസ്ഥ, ടീം ആവശ്യപ്പെടുന്നത്, എന്ത് തോന്നുന്നു എന്ന് ഒരു താരത്തെ വിളിച്ചിരുത്തി പറഞ്ഞുകൊടുക്കുക പ്രയാസമാണ്' എന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ ഡിസംബറില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഗില്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ഡബിളും തികച്ചിരുന്നു
ഇന്‍ഡോറില്‍ നാളെയാണ് ഇന്ത്യ-ഓസീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ടീം ഇന്ത്യ ഇതിനകം പരമ്പരയില്‍ 2-0ന് ലീഡ് ചെയ്യുകയാണ്. 2018 മുതലുള്ള പ്രകടനം പരിശോധിച്ചാല്‍ വല്ലപ്പോഴും മാത്രം തിളങ്ങുക എന്നതാണ് രാഹുലിന്‍റെ രീതി. അവസാന 10 ഇന്നിംഗ്‌സുകളില്‍ 23 മാത്രം ആണ് കെ എല്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്കോര്‍. ഓസീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ 20, 17, 1 എന്നിങ്ങനെയായിരുന്നു രാഹുലിന് നേടാനായ റണ്‍സ്. ഇന്‍ഡോറിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ശക്തമായ തിരിച്ചുവരവാകും ഓസീസിന്‍റെ ശ്രമം. മിച്ചല്‍ സ്റ്റാർക്കും കാമറൂണ്‍ ഗ്രീനും തിരിച്ചെത്തുമ്പോള്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർ ടീമിനൊപ്പമില്ലാത്തത് സന്ദർശകർക്ക് തിരിച്ചടിയാണ്. കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താവും ഓസീസിനെ നയിക്കുക.
കെ എല്‍ രാഹുലിന് പ്രത്യേക പരിശീലനം; വീണ്ടും കളിപ്പിക്കാനുള്ള നീക്കമോ, എങ്കില്‍ ആരാധകർ ഇളകും
