
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് നിര സമ്പൂര്‍ണ പരാജയമായപ്പോള്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയിരുന്നു. കേപ്ടൗണിലെ രണ്ടാം ടെസ്റ്റിലും തോറ്റാല്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പരമ്പര നഷ്ടമെന്ന നാണക്കേടാണ്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ കെ എല്‍ രാഹുലും രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോലിയും മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എക്കാലത്തും ദക്ഷിണാഫ്രിക്കയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇവിടെ മികച്ച പ്രകടനം പുറത്തെടുത്ത ഒരേയൊരു ഇന്ത്യന്‍ താരമെന്നും തുറന്നു പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം അലന്‍ ഡൊണാള്‍ഡ്. എന്‍റെ അറിവില്‍ ഇവിടെ നന്നായി കളിച്ചിട്ടുള്ളത് സച്ചിന്‍ മാത്രമാണ്. മിഡില്‍ സ്റ്റംപില്‍ നിന്ന് പന്തുകള്‍ ലീവ് ചെയ്യുന്നതില്‍ സച്ചിന്‍ പുറത്തെടുത്ത മികവ് അസാമാന്യമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റിംഗ് അത്ര അനായാസമല്ല. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പന്ത് സീം ചെയ്യുന്നതിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ പന്ത് സീം ചെയ്യും. നിങ്ങളുടെ ഫൂട്‌വര്‍ക്ക് 100 ശതമാനം ശരിയല്ലെങ്കില്‍ ശരിക്കും പെടുമെന്നും ഡൊണാള്‍ഡ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ അഞ്ച് സെഞ്ചുറി നേടിയിട്ടുള്ള സച്ചിന്‍റെ ഉയര്‍ന്ന സ്കോറായ 169 റണ്‍സ് പിറന്നത് 1997ല്‍ കേപ്ടൗണിലായിരുന്നു. 1992-93 പര്യടനത്തിലായിരുന്നു സച്ചിന്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ സെഞ്ചുറി നേടിയത്. ഡൊണാള്‍ഡ് അടക്കമുള്ള ബൗളിംഗ് നിരക്കെതിരെ ജൊഹാനസ്ബര്‍ഗഹില്‍ സച്ചിന്‍ 111 റണ്‍സടിച്ചു. 2001ല്‍ ബ്ലൂഫൊണ്ടെയ്നില്‍ സച്ചിന്‍ 155 റണ്‍സടിച്ചു.
കോലിയുള്ളപ്പോള്‍ ടെസ്റ്റിൽ രോഹിത്തിനെ എന്തിന് ക്യാപ്റ്റനാക്കി, ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം
2010ല്‍ സെഞ്ചൂറിയനിലും സച്ചിന്‍ സെഞ്ചുറി(111) നേടി. ഇത് സച്ചിന്‍റെ അമ്പതാം ടെസ്റ്റ് സെഞ്ചുറി കൂടിയാണ്. 2011ല്‍ കേപ്ടൗണില്‍ സച്ചിന്‍ 146 റണ്‍സും നേടി. സച്ചിന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര സമനിലയാക്കിയത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ 1000 റണ്‍സിലേറെ റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം വിദേശ ബാറ്ററാണ് സച്ചിന്‍. 1927-1939ല്‍ 1447 റണ്‍സ് നേടിയിട്ടുള്ള ഇംഗ്ലണ്ടിന്‍റെ വാള്‍ട്ടര്‍ ഹാമണ്ടാണ് ആദ്യ ബാറ്റര്‍.