
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാമെന്ന ഇന്ത്യൻ മോഹങ്ങള്‍ ഇത്തവണയും വെള്ളത്തിലായതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെയും ഓപ്പണറെന്ന നിലയില്‍ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെയും വിമര്‍ശനമാണെങ്ങും. ദക്ഷിണാഫ്രിക്കെതിരെ കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാലും ഇന്ത്യക്കിന് പരമ്പര സമനിലാക്കാനെ കഴിയൂ.
ഇതിനിടെ ടീമിലെ ഏറ്റവും മികച്ച ബാറ്ററും ക്യാപ്റ്റന്‍സിയില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുമുള്ള വിരാട് കോലി ടീമിലുള്ളപ്പോള്‍ രോഹിത് ശര്‍മയെ എന്തിനാണ് ടെസ്റ്റ് ക്യാപ്റ്റനാക്കിയതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ബദരീനാഥ്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് അസാമാന്യ റെക്കോര്‍ഡാണുള്ളത്. ക്യാപ്റ്റനായി മാത്രം ടെസ്റ്റില്‍ 52 റണ്‍സ് ശരാശരിയില്‍ കോലി 5000 ലേറെ റണ്‍സടിച്ചിട്ടുണ്ട്. ക്യാപ്റ്റനായ 68 ടെസ്റ്റുകളില്‍ 40 ജയവും 18 തോല്‍വിയുമാണ് കോലിയുടെ പേരിലുള്ളത്. വിജയശതമാനത്തില്‍ ഗ്രെയിം സ്മിത്തിനും റിക്കി പോണ്ടിംഗിനും സ്റ്റീവ് വോക്കും മാത്രം പുറകിലാണ് കോലി. എന്നിട്ടും എന്തുകൊണ്ടാണ് കോലിയെ ടെസ്റ്റില്‍ നായകനാക്കാത്തതെന്ന് ബദരീനാഥ് യുട്യൂബ് വീഡിയോയില്‍ ചോദിച്ചു.
വിദേശ പരമ്പരകൾക്ക് മുമ്പ് ഇന്ത്യ എന്തുകൊണ്ട് പരിശീലന മത്സരം കളിക്കുന്നില്ല; മറുപടി നൽകി രോഹിത്
രോഹിത് ശര്‍മയെക്കാള്‍ മികച്ച ടെസ്റ്റ് ബാറ്ററാണ് കോലി. ടെസ്റ്റിലെ ബാറ്റിംഗിന്‍റെ കാര്യമെടുത്താല്‍ കോലിയും രോഹിത്തും തമ്മില്‍ താരതമ്യം പോലും ചെയ്യാനാവില്ല. ടെസ്റ്റില്‍ കോലി വലിയ താരമാണ്. വിദേശ പിച്ചുകളില്‍ മികവ് കാട്ടിയിട്ടുമുണ്ട്. ടെസ്റ്റില്‍ ഓപ്പണറായി ഇനിയും തെളിയിക്കേണ്ടിയിരിക്കുന്ന സാങ്കേതികമായി കോലിയെക്കാള്‍ പിന്നിലായ ടെസ്റ്റ് ടീമിന് അകത്തും പുറത്തുമായി നിന്നിരുന്ന രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ യുക്തി എനിക്ക് മനസിലാവുന്നതേയില്ല. വിദേശ പിച്ചുകളില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് ഇനിയും കഴിവ് തെളിയിച്ചിട്ടില്ലെന്നും ബദരീനാഥ് പറഞ്ഞു.
ടെസ്റ്റ് കരിയറില്‍ 53 മത്സരങ്ങളില്‍ 45.45 ശരാശരിയില്‍ 3682 റണ്‍സാണ് രോഹിത് നേടിയത്. പക്ഷെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സെന രാജ്യങ്ങളില്‍ രോഹിത്തിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഈ നാലു രാജ്യങ്ങളിലുമായി കളിച്ച 21 ടെസ്റ്റുകളിലെ 42 ഇന്നിംഗ്സുകളില്‍ നിന്നായി 30.30 ശരാശരിയില്‍ 1182 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക