
മുംബൈ: ഏകദിന ക്രിക്കറ്റില്‍ മധ്യനിര ബാറ്റ്സ്മാനായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരിയര്‍ തുടങ്ങിയത്. എന്നാല്‍ സച്ചിന്റെയും ഇന്ത്യയുടെയും തലവര മാറിയതാകട്ടെ സച്ചിന്‍ ഓപ്പണറായശേഷവും. ഓപ്പണറാവാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് സച്ചിന്‍ തന്നെ മനസുതുറക്കുകയാണ്. തന്റെ സ്വന്തം ആപ്പായ 100എംബിയിലാണ് സച്ചിന്‍ ആ കഥ പറയുന്നത്.
ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിന് തൊട്ട് മുമ്പ് ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ എനിക്കറിയില്ലായിരുന്നു ഞാനാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നതെന്ന്. മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനും കോച്ച് ആയിരുന്ന അജിത് വഡേക്കറും ഡ്രസ്സിംഗ് റൂമില്‍ നിന്ന് ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു. ഓപ്പണറായ നവജ്യോത് സിദ്ദുവിന് കഴുത്തുവേദന മൂലം കളിക്കാനാവില്ല. പിന്നെ ആര് ഓപ്പണ്‍ ചെയ്യും എന്നതായിരുന്നു അവരുടെ ചര്‍ച്ച. ഞങ്ങള്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ഓപ്പണ്‍ ചെയ്യാന്‍ എനിക്ക് ഒരുവസരം തരൂ, ബൗളര്‍മാരെ അടിച്ചുപറത്തി റണ്‍സ് നേടാനാവുമെന്ന് എനിക്ക് അത്രത്തോളം ആത്മവിശ്വാസമുണ്ട്.
എന്നാല്‍ ആദ്യ 15 ഓവറില്‍ തന്നെ അടിച്ചുകളിച്ചാല്‍ അത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ, ഞാന്‍ പരാജയപ്പെട്ടാല്‍ ഇനിയൊരിക്കലും ഈ ആവശ്യവുമായി നിങ്ങളെ സമീപിക്കില്ലെന്ന് ഞാന്‍ അസ്ഹറിനോടും വഡേക്കര്‍ സാറോടും പറഞ്ഞു.പക്ഷെ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ എനിക്ക് തിളങ്ങാനായി-സച്ചിന്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനനെതിരെ ആദ്യമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സച്ചിന്‍ 49 പന്തില്‍ അടിച്ചെടുത്തത് 82 റണ്‍സായിരുന്നു. 15 ബൗണ്ടറികളും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു സച്ചിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ചുറിയും 96 അര്‍ധസെഞ്ചുറിയും അടക്കം 18,426 റണ്‍സ് നേടിയാണ് സച്ചിന്‍ കരിയര്‍ അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!