
ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ വിജയകരമായ ലാന്‍ഡിംഗ് സന്തോഷത്തില്‍ പങ്കുചേർന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കർ അടക്കമുള്ള ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റർമാർ. ചന്ദ്രയാന്‍റെ വിജയത്തില്‍ ഐഎസ്ആർഒയെ സച്ചിന്‍ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. ഐഎസ്ആർഒ ഇന്ത്യയുടെ ഏറ്റവും മികച്ചതിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് സച്ചിന്‍ കുറിച്ചു. ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രയാന്‍ 2 ദൗത്യ സംഘത്തേയും അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യണമെന്ന് സച്ചിന്‍ അഭ്യർഥിച്ചു. കഠിനമായ ലാന്‍ഡിംഗുകളാണ് സോഫ്റ്റ് ലാന്‍ഡിംഗുകളിലേക്ക് നയിക്കുന്നത് എന്നും സച്ചിന്‍ ട്വീറ്റില്‍ കൂട്ടിച്ചേർത്തു. മുമ്പ് നടന്ന ചന്ദ്രയാന്‍ 2 ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ തോല്‍വി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തിലേക്ക് നയിച്ചു എന്നാണ് സച്ചിന്‍റെ വാക്കുകള്‍.
ചാന്ദ്ര ദൗത്യ വിജയത്തില്‍ ഇസ്രോയെ വിരാട് കോലി, യുവ്‍രാജ് സിംഗ്, വിവിഎസ് ലക്ഷ്മണ്‍, ചേതേശ്വർ പൂജാര, കുല്‍ദീപ് യാദവ്, സൂര്യകുമാർ യാദവ്, യുസ്‍വേന്ദ്ര ചഹല്‍, കെ എല്‍ രാഹുല്‍ തുടങ്ങി നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രശംസിച്ചു.
ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയാഘോഷങ്ങളിലാണ് രാജ്യം. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടതായി ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിച്ചത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ട് പൂർത്തിയാക്കി. ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരുന്നത്.
ചന്ദ്രയാന്‍ 3 വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ ആഘോഷമാക്കി. ഡബ്ലിനില്‍ അയർലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20ക്ക് തൊട്ടുമുമ്പ് ചന്ദ്രയാന്‍ 3യുടെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയ കാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തല്‍സമയം വീക്ഷിച്ചു. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും കയ്യടികളോടെ രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യ വിജയം ആഘോഷമാക്കി. ഈ ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!