ചന്ദ്രയാന്‍ വിജയം തല്‍സമയം കണ്ട് സഞ്ജു സാംസണ്‍ അടങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം, രോമാഞ്ചം കൊള്ളിക്കും വീഡിയോ

ഡബ്ലിന്‍: ഇതാഘോഷിക്കാതെ ഉറക്കം വരുമോ... അയർലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20ക്ക് ഇറങ്ങും മുമ്പേ ഡബ്ലിനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'വിജയഘോഷം'. ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങിയത് ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയത്തില്‍ വച്ച് വമ്പിച്ച ആഘോഷമാക്കി. മൂന്നാം ട്വന്‍റി 20ക്ക് തൊട്ടുമുമ്പ് ചന്ദ്രയാന്‍ 3യുടെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയ കാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തല്‍സമയം വീക്ഷിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും കയ്യടികളോടെ രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യ വിജയം ആഘോഷിച്ചു. ഈ ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയാഘോഷങ്ങളിലാണ് രാജ്യം. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിച്ചത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ട് പൂർത്തിയാക്കി. ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരുന്നത്.

കാണാം വീഡിയോ

Scroll to load tweet…

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചന്ദ്രയാന്‍ 3യുടെ വിജയത്തില്‍ ഹർഷാരവങ്ങളോടെ പങ്കുചേർന്നു. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തിൽ 'ഇന്ത്യ ഈസ് ഓൺ ദ മൂൺ' എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദിയെ ക്ഷണിക്കുകയായിരുന്നു. ചന്ദ്രനിൽ സോഫ്റ്റ്‍ ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്.

Read more: ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം