സച്ചിനില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്; പിറന്നാള്‍ ദിവസം ഓര്‍മകള്‍ പങ്കുവച്ച് ശ്രീശാന്ത്

By Web TeamFirst Published Apr 25, 2020, 1:14 PM IST
Highlights

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിറന്നാള്‍ദിനത്തില്‍ അദ്ദേഹത്തോടപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഹെലോ പ്ലാറ്റ്‌ഫോമില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

കൊച്ചി: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിറന്നാള്‍ദിനത്തില്‍ അദ്ദേഹത്തോടപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഹെലോ പ്ലാറ്റ്‌ഫോമില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഓരോ വര്‍ഷത്തേയും ഏപ്രില്‍ 24 എന്നൊരു ദിവസം ഏതൊരു ക്രിക്കറ്റ് പ്രേമിയും മറിക്കില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്.

ഏപ്രില്‍ 24 കായികദിമായി ആഘോഷിക്കണം

ഏപ്രില്‍ 24 കായികദിനമായി ആഘോഷിക്കണമെന്ന് ശ്രീശാന്ത് പറഞ്ഞു. ശ്രീ തുടര്‍ന്നു... ''ഏപ്രില്‍ 24 ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. സച്ചിന്റെ പിറന്നാള്‍ ദിവസം കായികദിനമായി ആഘോഷിക്കുകയാണ് വേണ്ടത്. സച്ചിന്റെ എംആര്‍എഫ് ബാറ്റ് ഞാനിപ്പോഴും വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്.  അദ്ദേഹം എനിക്ക് സമ്മാനിച്ച് ബാറ്റിങ് ഗൗസുകളും നിധി പോലെ കൂടെകൊണ്ടുനടക്കുന്നു. അദ്ദേത്തിന്റെ ബാറ്റിങ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കവിത പോലെയാണ്.''

ഓര്‍ക്കാനിഷ്ടമുള്ള ചില നിമിഷങ്ങള്‍

കളിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍ അദ്ദേഹത്തൊപ്പം ഓര്‍ക്കാനിഷ്ടപ്പെടുന്ന മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. ''സച്ചിന്‍ കരിയറിലെ 100ാം സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ ഞാന്‍ ക്രീസിലുണ്ടായിരുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞാനിറങ്ങുന്നതിന് മുമ്പ് ക്രീസിലുണ്ടായിരുന്നു ആര്‍ പി സിംഗ് പുറത്താവണമെന്ന് ആഗ്രഹിച്ചിരുന്നു ഞാന്‍. അദ്ദേഹം വന്ന് കെട്ടിപ്പിടിച്ചത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിട്ടാണ് കരുതുന്നത്. ഇത്തരത്തില്‍ അദ്ദേഹത്തോടൊപ്പം ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ എനിക്കുണ്ടായി. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്നു എന്ന് പറയുന്നത് തന്നെ അഭിമാനമാണ്.'' ശ്രീ പറഞ്ഞു.

എനിക്കും പ്രിയം അദ്ദേഹത്തിന്റെ സ്‌ട്രൈറ്റ് ഡ്രൈവുകളോട്

ക്രിക്കറ്റ് ആരാധകര്‍ പാടിപുകഴ്ത്തുന്ന ഒന്നാണ് സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവുകള്‍. എനിക്കും സ്‌ട്രൈറ്റ് ഡ്രൈവുകളോടായിരുന്നു പ്രിയം. ''സച്ചിന്‍ കളിക്കുന്ന സ്‌ട്രൈറ്റ് ഡ്രൈവുകളാണ് എനിക്ക് ഇഷ്ടം. അദ്ദേഹത്തിനും ഏറ്റവും പ്രിയപ്പെട്ട ഷോട്ട് അതെന്നാണ് ഞാന്‍ കരുതുന്നത്. ഒരു നല്ല മനുഷ്യന്‍ കൂടിയായിരുന്നു സച്ചിന്‍. പുതിയ താരങ്ങള്‍ക്ക് സഹായിക്കുന്നതില്‍ അ്‌ദ്ദേഹം എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങളില്‍ എനിക്ക് റിക്കി പോണ്ടിംഗിനെതിരെ പന്തെറിയാന്‍ ഭയമായിരുന്നു. അന്നെനിക്ക് ധൈര്യം നല്‍കിയത് സച്ചിനായിരുന്നു. രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറി നേട്ടത്തിന് സച്ചിനും പ്രേരണയായി.''

പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച സച്ചിന്‍

ഡ്രസിങ് റൂമില്‍ സച്ചിനും വിരേന്ദര്‍ സെവാഗും മത്സരത്തിന് ശേഷം വിശകലനം നടത്തുമായിരുന്നുവെന്നും ശ്രീ പറഞ്ഞു. ''വളരെ ആഴത്തില്‍ ത്വാതികമായിട്ടായിരുന്നു ഇരുവരുടെയും വിശകലനം. വയസ് എന്നത് വെറും അക്കങ്ങള്‍ മാത്രമാണെന്ന് ബോധ്യപ്പെടുത്തിയ താരം കൂടിയാണ് സച്ചിന്‍. ശരീരം ഫിറ്റായി ഇരിക്കണം. പിന്നെ സ്വയം വിശ്വാസവുമാണ് വേണ്ടത്. ദക്ഷിണേന്ത്യയിലുള്ള അദ്ദേഹത്തിന്റെ ആരാധകരെ അവരുടെ ഭാഷയില്‍ തന്നെ ആശംസിച്ചിരുന്നു അദ്ദേഹം. കന്നഡ, തെലുഗു ഭാഷകള്‍ സച്ചിന്‍ ചെറിയ രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നു. എന്നാല്‍ മലയാളം സാമാന്യം നല്ല രീതിയില്‍ തന്നെ സംസാരിക്കാന്‍ സച്ചിനറിയാമായിരുന്നു.'' 

ലോകത്തിന് വേണ്ടി മാറരുതെന്ന് അദ്ദേഹം പഠിപ്പിച്ചു

ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത കാണിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. നിങ്ങളുടെ കഴിവില്‍ മറ്റാര്‍ക്കെങ്കിലും അസൂയ തോന്നുന്നുണ്ടെങ്കില്‍ അത് കാര്യമാക്കേണ്ടെന്നും അദ്ദേഹം പഠിപ്പിച്ചു. ലോകത്തിന് വേണ്ടി മാറരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എല്ലാത്തിനും മുമ്പ് കുടുംബത്തിനും രാജ്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. കേരളം രഞ്ജി ട്രോഫി നേടമെന്ന് സച്ചിന്‍ ആഗ്രഹിച്ചിരുന്നു.

click me!