
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ഗവുഹാത്തിയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വിയുടെ വക്കത്താണ് ടീം ഇന്ത്യ. മൂന്നാം ദിനത്തിലെ കളി കഴിയുമ്പോള്‍ 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ എട്ടോവര്‍ പന്തെറിഞ്ഞെടങ്കിലും ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായിട്ടില്ല. 10 വിക്കറ്റും 314 റണ്‍സും ലീഡുള്ള ദക്ഷിണാഫ്രിക്ക ഈ ടെസ്റ്റില്‍ തോല്‍ക്കാനുള്ള സാധ്യത വിരളണമാണെന്നിരിക്കെ നാട്ടില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം വൈറ്റ് വാഷാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ 0-3ന് തോറ്റ ഇന്ത്യ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിൽ ഇത്തവണ ദക്ഷിണാഫ്രിക്കയോട് 0-2ന് തോൽവി വഴങ്ങും.
ആദ്യ ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റിലെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യസ്ർ മീഡിയയിലും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്.
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് തോറ്റ് പരമ്പര അടിയറവെച്ചാലും ഗംഭീറിനെ ഉടന്‍ മാറ്റാനിടയില്ലെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത് കഴിഞ്ഞശേഷമെ ഗംഭീറിന്‍റെ കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കൂ എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക