
മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ടീം ഇന്ത്യക്ക് ഒരു മാസം നീളുന്ന വിശ്രമം ഏതാണ്ടുറപ്പായി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫ്‌ഗാനെതിരായ പരമ്പര താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെയാണിത്. വിന്‍ഡീസ് പര്യടനം മൂന്ന് ഫോര്‍മാറ്റിലും മത്സരങ്ങളുള്ള മുഴുനീള സീരീസായതിനാല്‍ തിരക്കുപിടിച്ച് അഫ്‌ഗാനുമായി പരമ്പര ഇപ്പോള്‍ വേണ്ടാ എന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ പ്രധാന താരങ്ങളെയെല്ലാം വിന്‍ഡീസ് പര്യടനത്തില്‍ സെലക്‌ടര്‍മാര്‍ക്ക് ഉറപ്പിക്കാനാകും എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിഎല്‍ പതിനാറാം സീസണ്‍ കഴിഞ്ഞയുടനെ ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുകയാണ്. ഓസീസിന് എതിരായ ഫൈനലിന് ശേഷം ജൂലൈ ആദ്യ വാരം ഇന്ത്യന്‍ ടീമിന് വിന്‍ഡീസ് പര്യടനത്തിനായി തിരിക്കണം. ഇതിനിടയില്‍ ഒരു പരമ്പര കൂടി വന്നാല്‍ താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ല എന്ന് മനസിലാക്കിയാണ് ബിസിസിഐയുടെ പുതിയ നീക്കം.
'ഓസീസിന് എതിരായ ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിന് ഇടവേളയുണ്ടാകും. അഫ്‌ഗാനിസ്ഥാന്‍ പരമ്പരയ്‌ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ബ്രോഡ്‌കാസ്റ്റര്‍മാരെ ഒപ്പിക്കാനും വിന്‍ഡീസ് പര്യടനം ഉറപ്പിക്കാനും പ്രയാസമാകും. അതിനാല്‍ താരങ്ങള്‍ക്ക് ഫൈനലിന് ശേഷം വിശ്രമം നല്‍കുന്നതാണ് ഉചിതം. ഏകദിന ലോകകപ്പിന് മുമ്പ് സെപ്റ്റംബറില്‍ അഫ്‌ഗാനെതിരായ പരമ്പര നടത്താനായി ശ്രമിക്കും. തിയതി കണ്ടെത്താന്‍ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകളിലാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചാല്‍ വ്യക്തമായൊരു ചിത്രം ലഭിക്കും' എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ‍് സ്പോര്‍ടിനോട് പറഞ്ഞു. അഫ്‌ഗാനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായാണ് ബിസിസിഐ ആദ്യം ശ്രമിച്ചത്. എന്നാല്‍ പിന്നീട് ട്വന്‍റി 20 പരമ്പരയെ കുറിച്ച് ആലോചിച്ചു. എന്നാല്‍ ഇരു പരമ്പരകളെ കുറിച്ചും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. കലാശപ്പോരിനിടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ തിയതികള്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാവും പര്യടനത്തിലുണ്ടാവുക. കരീബിയന്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് പുറമെ അമേരിക്കയും മത്സരങ്ങള്‍ക്ക് വേദിയാവും. അമേരിക്കയിലെ മത്സരങ്ങള്‍ ഫ്ലോറിഡയിലായിരിക്കും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ആയിരിക്കും ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ഇതിന് മുമ്പ് അഫ്‌ഗാനെതിരായ പരമ്പര നടക്കുമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങളെ അണിനിരത്തി യുവനിരയെ കളിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Read more: ഓവലിലെ ടെസ്റ്റ് ഫൈനല്‍: ഇന്ത്യന്‍സമയം, ലൈവ്; അറിയേണ്ടതെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!