
മുംബൈ: 2026 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു സാംസണ്‍ പുറത്തെടുത്ത അവിശ്വസനീയ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. സഞ്ജുവിന്റെ ബാറ്റിംഗ് മികവ് കണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അദ്ദേഹത്തിന് മുന്നില്‍ ആദരസൂചകമായി തലകുനിക്കാന്‍ നിര്‍ബന്ധിതനായ സാഹചര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് ശേഷം സൂര്യകുമാര്‍ തന്റെ തൊപ്പിയൂരി സഞ്ജുവിന് മുന്നില്‍ വണങ്ങിയത്.
അതിന് ശേഷം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും സഞ്ജു തന്റെ ഫോം തുടര്‍ന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ വെറും 42 പന്തില്‍ നിന്ന് 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. എട്ട് ഫോറുകളും സിക്‌സുകളും ഉള്‍പ്പെട്ട ഈ ഇന്നിംഗ്‌സ് ഇന്ത്യയെ 253 എന്ന കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി.
വിന്‍ഡീസിനെതിരായ മത്സരം ജയിച്ച് സഞ്ജു ഡഗ് ഔട്ടിലേക്ക് മടങ്ങവെ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ തൊപ്പി അഴിച്ചുമാറ്റി സഞ്ജുവിനെ വണങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെക്കുറിച്ചാണ് രമേശ് 'സഞ്ജു തന്റെ പ്രകടനം കൊണ്ട് സൂര്യയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചു' എന്ന് അഭിപ്രായപ്പെട്ടത്. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പവും (89 റണ്‍സ്) സഞ്ജു എത്തിയിരുന്നു. സഞ്ജു ഒരു വേള്‍ഡ് ക്ലാസ് കളിക്കാരനാണെന്നും, ടീം മാനേജ്മെന്റ് അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ലഭിച്ച പ്രതിഫലമാണ് ഈ പ്രകടനമെന്നും രമേശ് കൂട്ടിചേര്‍ത്തു.
താന്‍ മികച്ച ഫോമിലാണെന്ന് അറിയാമായിരുന്നുവെന്നും, വാംഖഡെയിലെ സാഹചര്യം മുതലെടുത്ത് ടീമിന് വേണ്ടി വലിയ സ്‌കോര്‍ കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു മത്സരശേഷം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!