ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി; ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ചില്‍ മാറ്റം, പേസര്‍മാരെ പിന്തുണയ്ക്കും

Published : Mar 07, 2026, 11:04 AM IST
India vs South Africa T20 World Cup 2026

Synopsis

ദക്ഷിണാഫ്രിക്കയോട് തോറ്റ കറുത്ത മണ്ണിന് പകരം പേസര്‍മാരെ തുണയ്ക്കുന്ന ഹൈബ്രിഡ് പിച്ച് ഉപയോഗിക്കാനാണ് സാധ്യത. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടപ്പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങുമ്പോള്‍, ആരാധകരും വിദഗ്ധരും ഒരുപോലെ ഉറ്റുനോക്കുന്നത് പിച്ചിലേക്കാണ്. ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി നിശ്ചയിക്കുന്നതില്‍ അഹമ്മദാബാദിലെ മണ്ണ് നിര്‍ണ്ണായക പങ്കുവഹിക്കും. ചുവന്ന മണ്ണ്, കറുത്ത മണ്ണ്, ഇവ രണ്ടും ചേര്‍ന്ന മിശ്രിതം എന്നിങ്ങനെ മൂന്ന് തരം പിച്ചുകളാണ് സ്‌റ്റേഡിയത്തിലുള്ളത്. സൂപ്പര്‍ 8 ഘട്ടത്തില്‍ ഇതേ സ്റ്റേഡിയത്തില്‍ കറുത്ത മണ്ണിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

പന്ത് താഴ്ന്നു വരുന്നതും വേഗത കുറയുന്നതും ബാറ്റര്‍മാരെ അന്ന് കുഴപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഫൈനലില്‍ ചുവന്ന മണ്ണും കറുത്ത മണ്ണും ചേര്‍ന്ന 'ഹൈബ്രിഡ്' പിച്ച് ഉപയോഗിക്കാനാണ് സാധ്യത കൂടുതല്‍. ഇത് വേഗതയും ബൗണ്‍സും നല്‍കുന്നതോടൊപ്പം ബൗളര്‍മാര്‍ക്ക് കൃത്യമായ ഗ്രിപ്പും വാഗ്ദാനം ചെയ്യുന്നു. ബിസിസിഐ സിഇഒ ഹേമംഗ് അമീന്റെ മേല്‍നോട്ടത്തില്‍ പിച്ചുകള്‍ പരിശോധിച്ചു വരികയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു തവണ മാത്രം ഉപയോഗിച്ച പുതിയ പിച്ചിലാകും ഫൈനല്‍ നടക്കുകയെന്നാണ് സൂചന.

ബൗളിംഗ് നിരയിലെ കരുത്ത്

മിശ്രിത പിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് പേസ് ബൗളര്‍മാര്‍ക്ക് തുണയാകും. ജസ്പ്രിത് ബുംറയുടെ കൃത്യതയും അര്‍ഷ്ദീപ് സിംഗിന്റെ സ്വിങ്ങും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. മധ്യ ഓവറുകളില്‍ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യവും നിര്‍ണ്ണായകമാണ്. ന്യൂസിലന്‍ഡിന് മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ക്ക് ഇവിടുത്തെ ബൗണ്‍സ് മുതലെടുക്കാന്‍ സാധിക്കും. മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന സ്പിന്‍ നിരയും ശക്തമാണ്.

ചരിത്രനേട്ടത്തിനരികെ ടീമുകള്‍

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലെത്തിയത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ 254 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അന്ന് ഇന്ത്യ പടുത്തുയര്‍ത്തിയിരുന്നു. സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മറുഭാഗത്ത്, ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകര്‍ത്ത് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ന്യൂസിലന്‍ഡ്. കന്നി കിരീടമാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ടിം സീഫെര്‍ട്ടും ഫിന്‍ അലനും ചേര്‍ന്ന ഓപ്പണിംഗ് ജോഡി മികച്ച ഫോമിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തുന്ന രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍, അഹമ്മദാബാദിലെ പിച്ച് ആര്‍ക്കൊപ്പം നില്‍ക്കും എന്നത് കണ്ടറിയേണ്ടി വരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

താമസിക്കുന്ന ഹോട്ടല്‍ 'ദുശ്ശകുനം'; മറ്റൊരിടത്തേക്ക് മാറി ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ഹോം ഡ്രസിംഗ് ന്യൂസിലന്‍ഡിന് കൊടുത്തു
കിവീസ് ചില്ലറക്കാരല്ല, ടി20 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ റെക്കോഡ്; കളിച്ച മൂന്നിലും ജയം