12 പന്തില്‍ 11 സിക്‌സ്! കെസിഎല്‍ സിക്‌സ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി സല്‍മാന്‍ നിസാര്‍, സഞ്ജുവിനെ പിന്തള്ളി

Published : Aug 30, 2025, 09:05 PM IST
Salman and Sanju

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിനെ പിന്തള്ളി സല്‍മാന്‍ നിസാര്‍ ഒന്നാമതെത്തി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സല്‍മാന്‍ നിസാറിന്റെ കുതിപ്പ്. 28 സിക്‌സുകളാണ് ആറ് മത്സരങ്ങളില്‍ നിന്ന് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ഇന്ന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ മാത്രം 12 സിക്‌സുകള്‍ സല്‍മാന്‍ നേടിയിരുന്നു. അതില്‍ 11 സിക്‌സുകളും അവസാനത്തെ രണ്ട് ഓവറുകള്‍ക്കിടെയായിരുന്നു. അഭിജിത് പ്രവീണിന്റെ ഒരോവറില്‍ ആറ് സിക്‌സും അതിന് തൊട്ടുമുമ്പ് ബേസില്‍ തമ്പിയുടെ ഒരോവറില്‍ അഞ്ച് സിക്‌സും സല്‍മാന്‍ നേടി. ഈ സിക്‌സുകള്‍ തന്നെയാണ് സല്‍മാനെ, സഞ്ജുവിനെ മറികടക്കാന്‍ സഹായിച്ചത്.

നാല് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 21 സിക്‌സുകള്‍ നേടിയ സഞ്ജു രണ്ടാമതാണ്. വിഷ്ണു വിനോദ് (20), രോഹന്‍ കുന്നുമ്മല്‍ (16), അഹമ്മദ് ഇമ്രാന്‍ (14) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ ഒന്നാമതാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് അഖില്‍ വീഴ്ത്തിയത്. രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. മുഹമ്മദ് ആഷിഖ് (11), അജിനാസ് (10) എന്നിവര്‍ അടുത്ത രണ്ട് സ്ഥാനങ്ങളില്‍.

അതേസമയം, റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സല്‍മാന്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 26 പന്തില്‍ 86 റണ്‍സ് നേടിയതോടെയാണ് സല്‍മാന്‍ രണ്ടാമതെത്തിയത്. ആറ് ഇന്നിംഗ്‌സുകള്‍ കളിച്ച താരം 296 റണ്‍സാണ് നേടിയത്. 193.46 സ്‌ട്രൈക്ക് റേറ്റും 98.67 ശരാശരിയും സല്‍മാനുണ്ട്. സല്‍മാന്റെ വരവില്‍ സഞ്ജുവിന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. അഞ്ച് മത്സരങ്ങളില്‍ 285 റണ്‍സാണ് സഞ്ജു നേടിയത്. 182.69 സ്‌ട്രൈക്കറ്റ് റേറ്റും 71.25 ശരാശരിയും സഞ്ജുവിന് അവകാശപ്പെടാനുണ്ട്.

അതേസമയം, തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 379 റണ്‍സ് ഇമ്രാന്‍ അടിച്ചെടുത്തു. ഇന്ന് ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് ഇമ്രാന്‍ പുറത്തായിരുന്നു. ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദ് നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ കളിച്ച കൃഷ്ണ പ്രസാദ് 235 റണ്‍സാണ് അടിച്ചെടുത്തത്. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 216 റണ്‍സാണ് രോഹന്‍ നേടിയത്. ഇന്ന് റോയല്‍സിനെതിരായ മത്സരത്തില്‍ രോഹന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 11 റണ്‍സിന് താരം പുറത്തായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി