
മുംബൈ: ഐപിഎല്ലിൽ പ്രതിഭ തെളിയിച്ച താരമായിരുന്നിട്ടും ഇത്തവണ ലേലത്തിൽ അൺസോൾഡ് ആയതിന്റെ നിരാശയിൽ സന്ദീപ് ശർമ്മ. ഐപിഎല്ലിൽ വിരാട് കോലിയുടെ വിക്കറ്റ് ഏറ്റവുമധികം വീഴ്ത്തിയ താരമാണ് സന്ദീപ് ശർമ്മ. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി കളിച്ച ചണ്ഡീഗഡുകാരനെ ഇത്തവണ ആരും ലേലത്തിൽ സ്വന്തമാക്കിയിട്ടില്ല. ഞെട്ടിക്കുന്ന സംഭവമെന്നായിരുന്നു ഇതിനോട് സന്ദീപ് ശർമ്മയുടെ പ്രതികരണം.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോലിയെ ഇതുവരെ ഐപിഎല്ലിൽ ഏഴ് തവണ പുറത്താക്കാൻ സന്ദീപ് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. കോലിയെ കൂടുതൽ തവണ പുറത്താക്കിയതിന്‍റെ റെക്കോർഡും ഈ 30കാരന്‍റെ പേരിലാണ്. ഇതുവരെ കളിച്ച 104 കളികളിൽനിന്ന് 114 വിക്കറ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2020 വരെ ഓരോ സീസണിലും 12ൽ കൂടുതൽ വിക്കറ്റ് വീതം വീഴ്ത്തിയ താരം കൂടിയാണ് സന്ദീപ്.
പക്ഷേ ഇതൊന്നും ഇത്തവണത്തെ താരലേലത്തിൽ ടീമുകൾ പരിഗണിച്ചില്ല. പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്ത സന്ദീപ് ശർമ്മയെ ആരും ലേലത്തിൽ വാങ്ങിയില്ല. അതിന്‍റെ കടുത്ത നിരാശയിലാണ് താരം. ഞെട്ടിക്കുന്ന, അപ്രതീക്ഷിതമായ കാര്യങ്ങളാണ് തന്‍റെ കാര്യത്തിൽ സംഭവിച്ചതെന്നായിരുന്നു സന്ദീപ് ശർമ്മയുടെ പ്രതികരണം. ഇത്തവണയും ഐപിഎല്ലിൽ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
പക്ഷേ ആരും തന്നെ സ്വന്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സന്ദീപ് ശർമ്മ പറഞ്ഞു. ഐപിഎല്ലിൽ ഇതുവരെ കളിച്ചതെല്ലാം പൂർണ ആത്മാർത്ഥതയോടെയായിരുന്നെന്ന് കൂടി സന്ദീപ് ശർമ്മ പറയുമ്പോൾ ആ വാക്കുകളിൽ നിരാശ വ്യക്തമാണ്. ലീഗിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരിൽ രണ്ടാം സ്ഥാനക്കാരൻ കൂടിയാണ് സന്ദീപ് ശർമ്മ. മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിനായും താരം കളിച്ചിട്ടുണ്ട്.
പകരക്കാരനായി ഇറങ്ങി ക്യാപ്റ്റന്റെ റോളും ഏറ്റെടുത്ത് റിസ്‍വാൻ; നിയമം അറിയില്ലേയെന്ന് ചോദിച്ച് ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!