
മെൽബണ്‍: ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ റണ്ണൗട്ടായതിനെക്കുറിച്ച് ലൈവ് ചര്‍ച്ചക്കിടെ വിരാട് കോലിയെ കുറ്റപ്പെടുത്തിയും ന്യായീകരിച്ചും പരസ്പരം തര്‍ക്കിച്ച് മുന്‍ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും ഇര്‍ഫാന്‍ പത്താനും. സ്റ്റാര്‍ സ്പോര്‍ട്സില്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം നടന്ന ഹിന്ദി ചര്‍ച്ചയിലാണ് മഞ്ജരേക്കറും ഇര്‍ഫാന്‍ പത്താനും തമ്മില്‍ പരസ്പരം കൊമ്പു കോര്‍ത്തത്.
ജയ്സ്വാള്‍ റണ്ണൗട്ടായതിന് കാരണം വിരാട് കോലിയാണെന്നും സിംഗിളിനായുള്ള ജയ്സ്വാളിന്‍റെ ക്ഷണം നിരസിക്കേണ്ട ഒരു കാരണവും കോലിക്കുണ്ടായിരുന്നില്ലെന്നും മഞ്ജരേക്കര്‍ ചര്‍ച്ചയില്‍ പറഞ്ഞു. കാരണം, ആ സിംഗിൾ കോലി ഓടിയിരുന്നെങ്കില്‍ റണ്ണൗട്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ള നോൺ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടുന്നത് ജയ്സ്വാളാണ്. അത് മാത്രമല്ല, ജയ്സ്വാള്‍ അടിച്ച ഷോട്ട് വളരെ പതുക്കെയാണ് കമിന്‍സിന് അടുത്തെത്തിയത്. ചുരുക്കിപ്പറഞ്ഞാൽ ജയ്സ്വാള്‍ റിസ്കുള്ള സിംഗിളാണ് എടുക്കാന്‍ ശ്രമിച്ചതെങ്കിലും അപകടത്തിലാവുക കോലിയായിരുന്നില്ല. പക്ഷെ ജയ്സ്വാളിന്‍റെ വിളി കേള്‍ക്കാതെ തിരിഞ്ഞുനിന്ന കോലിയുടെ പിഴവ് സ്കൂള്‍ ക്രിക്കറ്റില്‍ പോലും കുട്ടികള്‍ ചെയ്യാത്തതാണ്. ഇനി ജയ്സ്വാളിന്‍റെ പിഴവാണെങ്കില്‍ പോലും റണ്ണൗട്ടാവുക കോലിയായിരുന്നില്ലല്ലോ എന്നും മഞ്ജരേക്കര്‍ പറഞ്ഞപ്പോഴാണ് ഇര്‍ഫാന്‍ പത്താന്‍ ഇടപെട്ടത്.
എന്നാല്‍ ആ സിംഗിൾ ഓടിയെടുക്കാൻ കഴിയുമെന്ന വിശ്വാസം കോലിക്ക് ഉണ്ടായിരുന്നില്ലെന്നും പന്ത് വളരെ വേഗത്തിലാണ് കമിന്‍സിന് അരികിലേക്ക് പോയതെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. റിസ്കുള്ള സിംഗിളാണെന്ന് ബോധ്യമുണ്ടായാല്‍ റണ്‍ ഓടാതിരിക്കാനുള്ള അവകാശം നോണ്‍ സ്ട്രൈക്കര്‍ക്കുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്താക്കി. അതുപോലെ പോയന്‍റിലേക്കോ കവറിലേക്കോ തട്ടിയിട്ട് അതിവേഗ സിംഗിളെടുക്കാന്‍ ശ്രമിക്കുമ്പോൾ നോണ്‍ സ്ട്രൈക്കര്‍ പലപ്പോഴും ഇതുപോലെ നിന്നുപോകാറുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
എന്നാല്‍ ഈ സമയം ഇടപെട്ട മഞ്ജരേക്കര്‍ താങ്കള്‍ പറയുന്നത് പോയന്‍റിലോക്കോ കവറിലേക്കോ തട്ടിയിട്ട് ഓടുന്ന കാര്യമാണ്. ഇത് മിഡോണില്‍ കോലിക്ക് പിന്നില്‍ നടന്ന കാര്യമാണ്. എന്നാല്‍ അപ്പോഴും അങ്ങനെ സംഭവിക്കാമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞപ്പോൾ ഇത് ഇര്‍ഫാന്‍റെ പുതിയ കോച്ചിംഗ് ശാസ്ത്രമാണെന്ന് പറഞ്ഞ് മഞ്ജരേക്കര്‍ കളിയാക്കി. ഇതിനിടെ പറഞ്ഞതിനെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മഞ്ജരേക്കര്‍ സംസാരിച്ചതോടെ തന്നെ പറയാന്‍ അനുവദിക്കണമെന്ന് പത്താന്‍ പറഞ്ഞു. ഇത്രയും നേരം നിങ്ങൾ തന്നെയല്ലെ സംസാരിച്ചത്, എന്നാല്‍ നിങ്ങള്‍ സംസാരിക്കു എന്ന് പറഞ്ഞ് മഞ്ജരേക്കര്‍ ലൈവില്‍ ദേഷ്യപ്പെടുന്നതും കാണാം.
51-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ ജയ്സ്വാളും(82) കോലിയുംൾ(36) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ 153 റണ്‍സിലെത്തിച്ചെങ്കിലും സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന യശസ്വി ജയ്സ്വാള്‍ റണ്ണൗട്ടായതിന് പിന്നാലെ സ്കോട് ബോളണ്ടിന്‍റെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് പതിവ് രീതിയിൽ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാച്ച് നല്‍കി കോലി പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയിലായിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 470 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ടാം ദിനം 164-5 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക