താരത്തെ പുറത്താക്കിയതല്ലെന്നും 2027 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനമെന്നും കോച്ച് മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി. 

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ബാബര്‍ അസം, സയിം അയൂബ്, നസീം ഷാ എന്നിവരെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിനെ ടീമില്‍ നിന്ന് പുറത്താക്കിയത് എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശക്തമായതോടെ, വിശദീകരണവുമായി പരിശീലകന്‍ മൈക്ക് ഹെസ്സന്‍ രംഗത്തെത്തി. താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നും 2027-ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹെസ്സന്‍ വ്യക്തമാക്കി.

ലക്ഷ്യം 2027 ലോകകപ്പ്

വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് ഹെസ്സന്‍ പറഞ്ഞത് ഇങ്ങനെ... ''ആരെയും ടീമില്‍ നിന്ന് ഒഴിവാക്കി എന്ന് ഞാന്‍ പറയില്ല. വരാനിരിക്കുന്ന 2027 ലോകകപ്പിന് മുന്നോടിയായി കഴിവുള്ള യുവതാരങ്ങള്‍ക്ക് തങ്ങളെ തെളിയിക്കാനുള്ള ഒരു അവസരമായാണ് ഞങ്ങള്‍ ഈ പരമ്പരയെ കാണുന്നത്. പ്രതീക്ഷയുള്ള കളിക്കാര്‍ക്ക് അന്താരാഷ്ട്ര വേദിയില്‍ അവസരം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'' ഹെസ്സന്‍ വ്യക്തമാക്കി. യുവനിരയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ടീമില്‍ ആറ് പുതുമുഖ താരങ്ങളെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അബ്ദുള്‍ സമദ്, മാസ് സദാഖത്ത്, മുഹമ്മദ് ഗാസി ഘോറി, സാദ് മസൂദ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഷാമില്‍ ഹുസൈന്‍ എന്നിവരാണ് ആ പുതിയ മുഖങ്ങള്‍. ഇതില്‍ സദാഖത്ത്, ഗാസി ഘോറി, മസൂദ്, ഹുസൈന്‍ എന്നിവര്‍ ഇതുവരെ ഒരു ഫോര്‍മാറ്റിലും പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. ടി20 ലോകകപ്പിലെ ടോപ് സ്‌കോററായ സാഹിബ്‌സാദ ഫര്‍ഹാന്‍ തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഏകദിന ടീമിലേക്ക് സ്ഥാനം പിടിച്ചെടുത്തതാണെന്ന് ഹെസ്സന്‍ പ്രത്യേകം പരാമര്‍ശിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ജൂനിയര്‍ തലത്തിലും മികച്ച പ്രകടനം നടത്തുന്ന ഷാമില്‍ ഹുസൈന്‍, മാസ് സദാഖത്ത് എന്നിവരിലും തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പര ബുധനാഴ്ച തുടങ്ങും

ഷഹീന്‍ ഷാ അഫ്രീദി നയിക്കുന്ന പാകിസ്ഥാന്‍ ടീമില്‍ മുഹമ്മദ് റിസ്വാന്‍ ആണ് വിക്കറ്റ് കീപ്പര്‍. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമിലുണ്ട്. പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 11 ബുധനാഴ്ച മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

പാകിസ്ഥാന്‍ ഏകദിന സ്‌ക്വാഡ്: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ തലത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഘോറി (വിക്കറ്റ് കീപ്പര്‍), സാദ് മസൂദ്, സാഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഘ, ഷാമില്‍ ഹുസൈന്‍.

YouTube video player