രോഹിത് ശര്‍മ്മയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് മഞ്ജരേക്കര്‍, കിവികള്‍ക്ക് മുന്നറിയിപ്പും

By Web TeamFirst Published Jan 19, 2023, 10:01 PM IST
Highlights

രണ്ടാം ഏകദിനത്തിന് മുമ്പ് കിവികള്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കുക കൂടിയാണ് മുന്‍ താരം

ഹൈദരാബാദ്: മികച്ച തുടക്കം നേടുമ്പോഴും സെഞ്ചുറിയിലേക്ക് എത്താത്തതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വിമര്‍ശനം നേരിടുന്നുണ്ട്. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ നാല് ഫോറും രണ്ട് സിക്‌സറുകളും സഹിതം മികച്ച തുടക്കം നേടിയ ഹിറ്റ്‌മാന്‍ 48-ാം അര്‍ധ സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ചെങ്കിലും 38 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായിരുന്നു. വിമര്‍ശനം ശക്തമാകുമ്പോഴും രോഹിത്തിനെ പിന്തുണയ്ക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. രണ്ടാം ഏകദിനത്തിന് മുമ്പ് കിവികള്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കുക കൂടിയാണ് മുന്‍ താരം. 

എന്തുകൊണ്ടാണ് വമ്പന്‍ സ്കോര്‍ പിറക്കാത്തത് എന്നറിയില്ല. രോഹിത് നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നൊരു കൃത്യമായ സൂചനയും കാണാനില്ല. കാലങ്ങളായി കണ്ടിരുന്നതോ, നമ്മള്‍ പ്രതീക്ഷിക്കുന്നതോ ആയ ഫോം കോലിയില്‍ നിന്ന് കണ്ടിരുന്നില്ല. അതുപോലെ ആവാം ഇതും. രോഹിത് പന്ത് നന്നായി അടിച്ചകറ്റുന്നുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ 30-40, 70-80 സ്കോറുകള്‍ കണ്ടെത്തി. എന്നാല്‍ സെഞ്ചുറി മാറിനില്‍ക്കുന്നു. ഇന്ത്യന്‍ ടീം 350 റണ്‍സോ അതിലധികമോ നേടുന്നിടത്തോളം രോഹിത് സെഞ്ചുറി നേടാത്തതില്‍ എനിക്ക് പ്രശ്‌നമില്ല. ഒരു സെഞ്ചുറി ചിലപ്പോള്‍ വളരെ അടുത്തായിരിക്കും. കാരണം രോഹിത് ഫോമില്ലായ്‌മയിലോ ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെടുകയോ ആണ് എന്നതിന് തെളിവുകള്‍ ഒന്നുമില്ല എന്നും സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദ് ഏകദിനം 12 റണ്‍സിന് വിജയിച്ചതിനാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സുമായി ശുഭ്‌‌മാന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കും(78 പന്തില്‍ 140) മിച്ചല്‍ സാന്‍റ്‌നറുടെ അര്‍ധസെഞ്ചുറിക്കും(57 റണ്‍സ്) ഇടയിലും 49.2 ഓവറില്‍ 337 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി. ബ്രേസ്‌വെല്ലും സാന്‍റ്‌നറും ഏഴാം വിക്കറ്റില്‍ 162 റണ്‍സ് ചേര്‍ത്തെങ്കിലും നാല് പന്ത് അകലെ നില്‍ക്കേ ബ്രേസ്‌വെല്ലിനെ എല്‍ബിയില്‍ കുടുക്കി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം ഏകദിനം ശനിയാഴ്‌ച റായ്‌പൂരില്‍ നടക്കും. 

ഹോക്കി ലോകകപ്പ്: വെയ്‌ല്‍സിനെതിരെ ഇന്ത്യക്ക് ജയം; ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം

click me!