'ഒരു മുന്‍ ബാറ്റര്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താവുമായിരുന്നു'; രാഹുലിന്റെ ബാറ്റിംഗിനിടെ കോലിയെ പരിഹസിച്ച് മഞ്ജരേക്കര്‍

Published : Jun 21, 2025, 10:45 AM IST
Virat Kohli and Sanjay Manjrekar

Synopsis

മുൻപ് ഇത്തരം സാഹചര്യത്തിൽ ഒരു ബാറ്റർ മോശം ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്താകുമായിരുന്നുവെന്ന് മഞ്ജരേക്കർ പറഞ്ഞു.

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഗില്ലിന് കീഴില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യ ദിവസം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 359 റണ്‍സെടുത്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (പുറത്താവാതെ 127) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

കോലി കളിച്ചിരുന്ന മൂന്നാം നമ്പറിലാണ് ഗില്‍ കളിക്കുന്നത്. രോഹിത്തിന് പകരം ഓപ്പണറായ കെ എല്‍ രാഹുല്‍ (42) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചിരുന്നു. ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോല്‍ കോലിയെ പരോക്ഷമായി പരിഹസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കമന്ററിക്കിടെയാണ് കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് ശൈലിയുമായി താരതമ്യപ്പെടുത്തി മഞ്ജരേക്കാര്‍ കോലിയെ കളിയാക്കിയത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞപ്പോഴെല്ലാം ജയ്‌സ്വാളും രാഹുലും കളിക്കാതെ വിടുകയായിരുന്നു.

ഈ സാഹചര്യത്തില്‍ മുമ്പൊരു ബാറ്റര്‍ ഇത്തരം പന്തുകളില്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് കുഴിയില്‍ ചാടുമായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഓഫ്‌സൈഡിന് പുറത്ത് കോലിയുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍. ഇതിനെതിരെ സാമുഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനാണ് ഉയര്‍ന്നത്.

അതേസമയം, ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഇരുപത്തിയഞ്ചുകാരനായ ശുഭ്മാന്‍ ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെംഗ്‌സാര്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുന്‍പ് ഈനേട്ടം കൈവരിച്ചവര്‍. ക്ഷമയും ക്ലാസും ഒത്തുചേര്‍ന്ന ഗില്ലിന്റെ ഇന്നിംഗ്‌സില്‍ പിറന്നത് മനോഹര ഷോട്ടുകള്‍. യശസ്വി ജയ്‌സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ 129 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഗില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ പതിവ് കെണിയിലേക്ക് ബാറ്റുവയ്ക്കാന്‍ തയ്യാറായില്ല. മുപ്പത്തിമൂന്നാം ടെസ്റ്റിനിറങ്ങിയ ഗില്ലിന്റെ ആറാം സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇഷാനും ഹാര്‍ദിക്കും തകര്‍ത്താടി; നമീബിയക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
'അഭിഷേക് ശര്‍മയല്ല, പാകിസ്ഥാനെതിരേയും സഞ്ജു തന്നെ ഓപ്പണ്‍ ചെയ്യും'; സൂചന നല്‍കി സൂര്യകുമാര്‍ യാദവ്