
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പത്ത് വിക്കറ്റിനായിരുന്നു കോലിപ്പടയുടെ തോല്‍വി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തി. ഒരു ദിനം ശേഷിക്കെയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഇപ്പോള്‍ ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെട്ടുവന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണമായി മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹം തുടര്‍ന്നു... ''കോലി രണ്ട് ഇന്നിങ്‌സുകളിലും വന്‍ പരാജയമായത് തന്നെയാണ് തോല്‍വിയുടെ പ്രധാന കാരണം. കോലി റണ്‍സ് നേടിയിരുന്നെങ്കില്‍ ന്യൂസിലന്‍ഡിന്റെ പദ്ധതികള്‍ പാളിയേനെ. ന്യൂസിലന്‍ഡ് ആവട്ടെ അവരുടെ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആയതുമില്ല.'' മഞ്ജരേക്കര്‍ പറഞ്ഞുനിര്‍ത്തി.
രണ്ട് ഇന്നിങ്‌സിലും 20 റണ്‍സിനപ്പുറം നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത കോലിയെ കെയ്ല്‍ ജാമിസണ്‍ പുറത്താക്കി. രണ്ടാം ഇന്നിങ്‌സില്‍ 19 റണ്‍സെടുത്ത് നില്‍ക്കെ ട്രന്റ് ബോള്‍ട്ട് തിരിച്ചയക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!