ഒടുവില്‍ മഞ്ജരേക്കറും പറയുന്നു, അയാളെ എനിക്ക് ബോധിച്ചു

By Web TeamFirst Published Dec 2, 2020, 7:47 PM IST
Highlights

ഐപിഎല്ലിലെ പ്രകടനത്തിന്‍രെ അടിസ്ഥാനത്തില്‍ പാണ്ഡ്യയെ ഏകദിന ടീമില്‍ കളിപ്പിച്ചപ്പോള്‍ തനിക്ക് സംശയങ്ങളുണ്ടായിരുന്നുവെന്ന് മത്സരശേഷം മ‍ഞ്ജരേക്കര്‍ പറഞ്ഞു. കാരണം ടി20യും ഏകദിന ക്രിക്കറ്റും രണ്ടാണ്. അതുകൊണ്ടുതന്നെ ഏകദിന ക്രിക്കറ്റില്‍ തിളങ്ങാന്‍ പാണ്ഡ്യക്ക് കവിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

കാന്‍ബറ: കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ചതാണ് മുന്‍ താരവും കമന്‍റേറ്റററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബിസിസിഐ കമന്‍ററി പാനലില്‍ നിന്ന് തഴഞ്ഞതിനെത്തുടര്‍ന്ന് ഒരുവര്‍ഷം വീട്ടിലിരുന്ന മഞ്ജരേക്കറെ ബിസിസിഐ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ കമന്‍ററി പാനലില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍ കമന്‍റേറ്ററായി തിരിച്ചെത്തിയതിന് പിന്നാലെ ജഡേജയുമായി തനിക്ക് പ്രശ്നമൊന്നുമില്ലങ്കിലും അദ്ദേഹത്തെപ്പോലുള്ള കളിക്കാരെ തന്‍റെ ടീമിലെടുക്കില്ലെന്ന് പറഞ്ഞ് മ‍ഞ്ജരേക്കര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജഡേജയെ മാത്രമല്ല, ബാറ്റിംഗിലോ ബൗളിംഗിലോ സ്പെഷലൈസ് ചെയ്യാത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും തന്‍റെ ടീമിലെടുക്കില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 150 റണ്‍സടിച്ച് ജഡേജയും പാണ്ഡ്യയും ഇന്ത്യയെ 300 കടത്തി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ മുന്‍ പ്രസ്താവന തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മ‍ഞ്ജരേക്കര്‍.

ആറാം നമ്പറില്‍ ശരിയായ കളിക്കാരനെ പാണ്ഡ്യയിലൂടെ ഇന്ത്യ കണ്ടെത്തിയിരിക്കുന്നുവെന്നും ബൗള്‍ ചെയ്തില്ലെങ്കിലും പാണ്ഡ്യക്ക് ഇന്ത്യക്കായി ബാറ്റിംഗില്‍ കാര്യമായ സംഭാവന നല്‍കാനാവുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. സിഡ്നിയിലും കാന്‍ബറയിലും പാണ്ഡ്യ പുറത്തെടുത്ത പക്വതയാര്‍ന്ന പ്രകടനത്തില്‍ തനിക്ക് മതിപ്പുണ്ടെന്നും മ‍ഞ്ജരേക്കര്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ പ്രകടനത്തിന്‍രെ അടിസ്ഥാനത്തില്‍ പാണ്ഡ്യയെ ഏകദിന ടീമില്‍ കളിപ്പിച്ചപ്പോള്‍ തനിക്ക് സംശയങ്ങളുണ്ടായിരുന്നുവെന്ന് മത്സരശേഷം മ‍ഞ്ജരേക്കര്‍ പറഞ്ഞു. കാരണം ടി20യും ഏകദിന ക്രിക്കറ്റും രണ്ടാണ്. അതുകൊണ്ടുതന്നെ ഏകദിന ക്രിക്കറ്റില്‍ തിളങ്ങാന്‍ പാണ്ഡ്യക്ക് കവിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ തനിക്കതിന് കഴിയുമെന്ന് ഓസ്ട്രേലിയക്കെതിരായ പ്രകടനങ്ങളിലൂടെ പാണ്ഡ്യ തെളിയിച്ചിരിക്കുന്നു. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നെങ്കിലും പാണ്ഡ്യയുടെ സ്ഥിരതയില്‍ അത്ര ഉറപ്പില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയിലൂടെ ആറാം നമ്പറില്‍ പാണ്ഡ്യ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. വരും മത്സരങ്ങളില്‍ പാണ്ഡ്യയെ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളില്‍ കണ്ടാലും അത്ഭുതപ്പെടാനില്ല. പാണ്ഡ്യ ബൗള്‍ ചെയ്താലും ഇല്ലെങ്കിലും അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്ന മികച്ചൊരു ബാറ്റ്സ്മാനെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നു. പാണ്ഡ്യ കളിച്ചത് ടി20 ഇന്നിംഗ്സായിരുന്നില്ല. അദ്ദേഹത്തിന്‍റെ പ്രകടനം എനിക്ക് നന്നേ ബോധിച്ചു-മഞ്ജരേക്കര്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ പാണ്ഡ്യ 76 പന്തില്‍ 92 റണ്‍സടിച്ചപ്പോള്‍ ജഡേജ 50 പന്തില്‍ 66 റണ്‍സടിച്ചിരുന്നു. പാണ്ഡ്യയുടെ ഇന്നിംഗ്സിനെ പുകഴ്ത്തിയപ്പോഴും ജഡേജയെക്കുറിച്ച് മ‍ഞ്ജരേക്കര്‍ ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി.

click me!