ഹേസല്‍വുഡ് വീണ്ടും വില്ലനായി; 11 വര്‍ഷം തുടരുന്ന പതിവ് തെറ്റിച്ച് കോലി

By Web TeamFirst Published Dec 2, 2020, 7:03 PM IST
Highlights

ഇന്ന് കരുതലോടെ കളിച്ച കോലി അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ വീണ്ടുമൊരു സെഞ്ചുറി പ്രതീക്ഷിച്ചെങ്കിലും 63 റണ്‍സെടുത്ത കോലിയെ ഹേസല്‍വുഡ് മടക്കി.

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ജോഷ് ഹേസല്‍വുഡിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 11 വര്‍ഷമായി തുടരുന്നൊരു പതിവ് തെറ്റിച്ചു. 2009 മുതല്‍ തുടര്‍ച്ചയായി 11 വര്‍ഷം ഏകദിന സെഞ്ചുറി നേടാത്തൊരു വര്‍ഷം കോലിയുടെ കരിയറിലുണ്ടായിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ആ പതിവ് തെറ്റി.

ഇന്ന് കരുതലോടെ കളിച്ച കോലി അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ വീണ്ടുമൊരു സെഞ്ചുറി പ്രതീക്ഷിച്ചെങ്കിലും 63 റണ്‍സെടുത്ത കോലിയെ ഹേസല്‍വുഡ് മടക്കി. ഇതോടെ ഏകദിന സെഞ്ചുറിയില്ലാത്ത വര്‍ഷമായി ഇത് കോലിക്ക്. കൊവിഡ് കാരണം കുറച്ച് ഏകദിനങ്ങളിലെ കളിച്ചുള്ളു എന്നത് കാരണമായെങ്കിലും 2009നുശേഷം ആദ്യമായാണ് കോലി ഏകദിന സെഞ്ചുറിയില്ലാതെ കലണ്ടര്‍ വര്‍ഷം പിന്നിടുന്നത്.

43 ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി 2017നുശേഷം മാത്രം 17 സെഞ്ചുറികള്‍ നേടിയിരുന്നു. 2017ലും 2018ലും ആറെണ്ണം വീതവും 2019ല്‍ അഞ്ച് സെഞ്ചുറിയും കോലി സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 21 റണ്‍സിന് പുറത്തായ കോലി രണ്ടാം മത്സരത്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്.

ഈവര്‍ഷം ആദ്യം കോലിക്ക് കീഴില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി(3-0) വഴങ്ങിയ ഇന്ത്യ വര്‍ഷാവസാനം ഓസ്ട്രേലിയക്കെതിരെയും പരമ്പര തോറ്റു(2-1). ഈ വര്‍ഷം തുടര്‍ച്ചയായി അഞ്ച് ഏകദിനങ്ങളില്‍ തോല്‍വിയറിഞ്ഞശേഷമാണ് ഇന്ന് ഇന്ത്യ ഓസീസിനെതിരെ ജയം സ്വന്തമാക്കിയത്.

click me!