
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായെങ്കിലും ടീം മാനേജ്‌മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. നായകൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും സഞ്ജു സാംസണെ കൈകാര്യം ചെയ്ത രീതിയിൽ 'ഗുരുതരമായ പിഴവുകൾ' വരുത്തിയെന്നാണ് മഞ്ജരേക്കറുടെ ആരോപണം. ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളിൽ പുറത്താകാതെ 97, 89, 89 എന്നിങ്ങനെ റൺസ് നേടി ടൂർണമെന്‍റിലെ താരമായി സഞ്ജു മാറിയ പശ്ചാത്തലത്തിലാണ് മഞ്ജരേക്കറുടെ ഈ പ്രതികരണം.
സഞ്ജു സാംസൺ മികച്ച ഫോമിൽ ഓപ്പണറായി തിളങ്ങിനിൽക്കുമ്പോൾ ശുഭ്മാൻ ഗില്ലിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കിയത് വലിയ അബദ്ധമായെന്ന് മഞ്ജരേക്കർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടി സഞ്ജു കരിയറിലെ മികച്ച ഫോമിലായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നന്നായി കളിച്ചു എന്ന കാരണത്താൽ ശുഭ്മാൻ ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ വിളിച്ചു. ഗില്ലിന് വേണ്ടി ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് സഞ്ജുവിനെ താഴേക്ക് മാറ്റിയത് ഒട്ടും യുക്തിയില്ലാത്ത തീരുമാനമായിരുന്നു - മഞ്ജരേക്കർ വ്യക്തമാക്കി.
ബാറ്റിംഗ് ഓർഡറിലെ ഈ മാറ്റം സഞ്ജുവിന്‍റെ താളം തെറ്റിച്ചെന്നും അത് അദ്ദേഹത്തിന്‍റെ പ്രകടനത്തെ ബാധിച്ചെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ഏഷ്യാ കപ്പിൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടപ്പെടാൻ പോലും ഇത് കാരണമായി. ഒടുവിൽ റിങ്കു സിംഗിന്‍റെ അഭാവവും തിലക് വർമ്മയുടെ മോശം ഫോമും കാരണമാണ് സഞ്ജുവിന് വീണ്ടും ടോപ്പ് ഓർഡറിൽ അവസരം ലഭിച്ചത്. ആ അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയും ചരിത്രം തിരുത്തിക്കുറിക്കുകയും ചെയ്തു.
ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചത്. എന്നാൽ അവസാന മൂന്ന് ഇന്നിംഗ്‌സുകളിലെ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായി സഞ്ജു മാറി. ഗൗതം ഗംഭീറിന്‍റെ തന്ത്രങ്ങൾ വിജയകരമായെങ്കിലും സഞ്ജുവിനെപ്പോലൊരു താരത്തെ തുടക്കത്തിൽ അവഗണിച്ചത് ടീമിന് തിരിച്ചടിയാകുമായിരുന്നുവെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!