
വാംഖഡെ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒറ്റക്ക് തോളിലേറ്റി മലയാളി താരം സഞ്ജു സാംസണ്‍. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഇന്നിംഗ്സിലെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് സഞ്ജു സെഞ്ചുറി(101*) തികച്ചത്. 54 പന്തില്‍ 10 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ അപരാജിത ഇന്നിംഗ്സ്.
കൃഷ് ഭഗത് എറിഞ്ഞ അവസാന ഓവറില്‍ സഞ്ജുവിന് സെഞ്ചുറിയിലെത്താന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കൃഷ് ഭഗത്തിന്‍റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്സിന് പറത്തി 90 കളിലെത്തി. അടുത്ത രണ്ട് പന്തിലും സഞ്ജു സിംഗിളെടുത്തില്ല. നാലാം പന്തില്‍ വീണ്ടും സഞ്ജുവിന്‍റെ പടുകൂറ്റൻ സിക്സ്. 97 റണ്‍സിലെത്തിയ സഞ്ജു അഞ്ചാം പന്തില്‍ സിംഗിളെടുത്തില്ല. ഒടുവില്‍ അവസാന പന്ത് ബൗണ്ടറി കടത്തി സഞ്ജു സെഞ്ചുറി തികച്ചതിനൊപ്പം ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിക്കുകയും ചെയ്തു. സഞ്ജു കഴിഞ്ഞാല്‍ 22 റണ്‍സെടുത്ത ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.
ഡെവാള്‍ഡ് ബ്രെവിസ് 11 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 18ഉം ജാമി ഓവര്‍ടണ്‍ 7 പന്തില്‍ 15 റണ്‍സുമെടുത്തു. ടോസ് നേടി ക്രീസിലിറങ്ങിയ ചെന്നൈക്ക് സഞ്ജുവും റുതുരാജും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 3 ഓവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ ഒരിക്കല്‍ കൂടി റുതുരാജ് പവര്‍ പ്ലേയില്‍ വീണു. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ സഞ്ജുവിനൊപ്പം പവര്‍ പ്ലേയില്‍ ചെന്നൈയെ 76 റണ്‍സിലെത്തിച്ചെങ്കിലും മിച്ചല്‍ സാന്‍റ്നര്‍ക്കെതിരെ അമിതാവേശം കാട്ടി പുറത്തായി. ശിവം ദുബെ(5) നിരാശപ്പെടുത്തിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ്(11 പന്തില്‍ 21) പ്രതീക്ഷ നല്‍കിയെങ്കിലും അധികം പിടിച്ചു നിന്നില്ല. കാര്‍ത്തിക് ശര്‍മക്കൊപ്പം ചെന്നെയെ 150 കടത്തിയ സഞ്ജുവാണ് ടീമിന് 200 കടത്തിയത്. മുംബൈക്കായി ഗന്‍സഫര്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിനി കുമാര്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ നാലോവറില്‍ 31 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!