
കാണികളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ഫൈനല്‍ ഓവര്‍ ത്രില്ലര്‍ നല്‍കിയ, ടി20 ലോക റാങ്കിങ്ങില്‍ മുന്നിലുള്ള രണ്ടു ടീമുകളെ പറ്റിയാണ് പറയുന്നതെന്നു നല്ല ബോധമുണ്ട്. ഈ കളിയാണ് കളിക്കുന്നതെങ്കില്‍ വരുന്ന ടി20 ലോകകപ്പിന്റെ സെമിഫൈനല്‍ പോലും കാണാനിടയില്ലാത്ത രണ്ടു ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും എന്നുറപ്പിക്കാം. ലോകകപ്പില്‍ രണ്ടു ടീമും ഒരു ഗ്രൂപ്പിലായത് കൊണ്ട് മാത്രം ഇവര്‍ തമ്മിലുള്ള കളി ജയിക്കുന്ന ടീം സെമിയില്‍ കടന്നേക്കാം എന്ന് മാത്രം. ടോസ് കിട്ടിക്കൊണ്ടിരിക്കുന്ന കളികളില്‍ പാക്കിസ്ഥാനു കൃത്യമായ അഡ്വാന്റെജ് ഉള്ളത് കൊണ്ട് അവര്‍ കുറച്ചു ഭേദമാണ്.
രണ്ടു കിടയറ്റ ബൗളിംഗ് നിരകളെ പുറകോട്ട് വലിക്കാന്‍ മാത്രമായി ടി20യില്‍ ഏകദിനം കളിക്കുന്ന രണ്ടു ബാറ്റിംഗ് നിരകള്‍. അല്പം ബൗളിംഗ് ഫ്രണ്ട്‌ലി ആയിട്ടുള്ള ട്രാക്കുകളില്‍ ഒരു തരക്കേടില്ലാത്ത ബൗളിംഗ് നിരയെ നേരിടാനുള്ള കെല്പില്ല. വിരാട് കോലിയും കെ എല്‍ രാഹുലും വ്യക്തമായും ഫോം ഔട്ട് ആണ് എന്നതിനപ്പുറം ഇങ്ങനെ കളിപ്പിച്ചു കളിപ്പിച്ചു ഫോം വീണ്ടെടുപ്പിക്കാന്‍ പറ്റിയ ഫോര്‍മാറ്റല്ല ടി20. അതിനുള്ള സമയം അവര്‍ക്ക് ഏകദിനത്തിലും ടെസ്റ്റിലും ലഭിച്ചേക്കും. എന്തായാലും ഇനി ഇന്ത്യയുമായി കളിക്കേണ്ട ഹോങ്കോങ്ങിനെ പോലുള്ള ടീമുകള്‍ക്കൊക്കെ നല്ല രീതിയിലുള്ള മര്‍ദ്ദനം പ്രതീക്ഷിക്കാം. അതുകൊണ്ട് ലോകകപ്പില്‍ എത്തുമ്പോള്‍ വലിയ കാര്യമില്ലെങ്കിലും. ഈ ഹോങ്കോങ് വരെ ആദ്യം ബൗളിംഗ് കിട്ടിയാല്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ രണ്ടു വിക്കറ്റൊക്കെ വീഴ്ത്താന്‍ പോന്നവരാണ്. അപ്പോള്‍ അഫ്ഗാനിസ്ഥാനെ പോലൊരു ടീമിനെ തീര്‍ച്ചയായും ഭയക്കണം.
2021 ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് പരാജയപ്പെടുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ റിഷഭ് പന്ത് മാത്രമാണ് പാക്കിസ്താനെതിരെ ഇല്ലാതിരുന്നത്. അവസ്ഥ കണ്ടിട്ട് പന്ത് ആദ്യ ഇലവനില്‍ ഇല്ലാതെ ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ഒരു ചാന്‍സും കാണുന്നുമില്ല. ജഡേജക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ പ്രൊമോഷന്‍ കൊടുക്കുന്നതിനു പകരം ലെഗ് സ്പിന്നറും ലെഫ്റ്റ് ആം സ്പിന്നറും ഉള്ള ബൗളിംഗ് നിരകള്‍ക്കെതിരെ ടോപ് ഓര്‍ഡറിലെ ഒരേയൊരു ലെഫ്റ്റിയായ പന്തിനെ തന്നെ ഉപയോഗിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ തവണ സെമി കാണാതെ പുറത്തായ ടീം ഇത്തവണ വരുന്നത് അതേ ബാറ്റിംഗ് നിരയുമായിട്ടായിരിക്കും. ബാക്ക് ടു സ്‌ക്വയര്‍ വണ്‍.
ഒരു കൊല്ലം തികയുമ്പോള്‍ ഫസ്റ്റ് ഇലവനിലേക്ക് ഒരു പുതിയ ബാറ്റ്‌സ്മാന്‍ പോലും കയറിയിട്ടില്ല. ദിനേശ് കാര്‍ത്തിക്ക് ഐപിഎല്ലിലെ പ്രകടനങ്ങളുടെ ബലത്തില്‍ ടീമിലുണ്ടെങ്കിലും പന്തുമായി നേരിട്ടൊരു മത്സരം വന്നാല്‍ പുറത്ത് പോകേണ്ടി വരും. ഷഹീന്‍ ഷാ അഫ്രിദി കൂടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അവസ്ഥ ദയനീയമാകുമായിരുന്നു എന്നതിലൊരു സംശയവുമില്ല. ഇന്ത്യന്‍ നിരയില്‍ ജസ്പ്രിത് ബുമ്ര ഉണ്ടായിരുന്നില്ലല്ലോ എന്ന മറുവാദം ഉയര്‍ത്താമെങ്കിലും ഷഹീന്‍ ഷാ അഫ്രിദിയുടെ ആദ്യ സ്‌പെല്‍ പവര്‍ പ്ലെയില്‍ തന്നെ കളികളുടെ ഗതി നിര്‍ണയിക്കാന്‍ പോന്ന വിധം ഇംപാക്റ്റ് ഉള്ളതാണ്. അഫ്രീദിയുടെ അഭാവത്തില്‍ പോലും ഒരു ടോപ് ക്വാളിറ്റി അറ്റാക്കുമായി വന്ന അവരെ നസീം ഷായുടെ പരിക്കാണ് ചതിച്ചത്.
നിലവിലെ ഫോം കണക്കിലെടുക്കേണ്ട ടി20 എന്ന ഫോര്‍മാറ്റില്‍ ക്ളാസും പഴയ റെക്കോര്‍ഡുകളും നോക്കി ബാറ്റ്സ്മാന്‍മാരെ സെലക്ട് ചെയ്യുന്ന പാരമ്പര്യം ഇന്ത്യ എന്തായാലും നിര്‍ത്താന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്. 10 പന്തില്‍ 20 പ്‌ളസ്, 17 പന്തില്‍ 30 പ്ലസ് എന്നിങ്ങനെ ബാറ്റ് ചെയ്യേണ്ട ബാറ്റ്സ്മാന്മാര്‍ക്ക് പകരം നമ്മളിപ്പോഴും 35 പന്തില്‍ 30 അടിക്കുന്ന ഏകദിന ആങ്കര്‍മാരില്‍ തന്നെ നില്‍ക്കുകയാണ്. ഏകദിനത്തിലും ടെസ്റ്റിലും ക്രീസില്‍ നങ്കൂരമിടുന്ന ബാറ്റ്സ്മാന്മാര്‍ക്ക് കൃത്യമായ റോളുകളുണ്ട്. ടീമിന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇവര്‍ക്കാണ് പ്രാധാന്യം. ബട്ട് കുറച്ചു നാളുകളായി ഏകദിനത്തില്‍ പോലും ഈയൊരു രീതി മാറിക്കഴിഞ്ഞു. ടി20 കളിയുടെ ഗതി തിരിക്കുന്നത് 170 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ ചെറിയ ഇന്നിംഗ്‌സുകള്‍ കളിക്കുന്ന എന്‍ഫോഴ്സര്‍മാരാണ്. ആങ്കര്‍ റോളില്‍ കളിക്കുന്ന ഒരാള്‍ ഉണ്ടെങ്കില്‍ കൂടെ അയാള്‍ ഡോട്ട് ബോളുകള്‍ ഒഴിവാക്കി 120 സ്‌ട്രൈക്ക് റേറ്റിലെങ്കിലും മുന്നോട്ടു പോകേണ്ടയാളാണ്.
പൃഥി ഷായും ദീപക് ഹുഡയും സഞ്ജു സാംസണും പോലുള്ള പ്രോപ്പര്‍ ടി ട്വന്റി ബാറ്റ്സ്മാന്മാര്‍ അവസരം കാത്തിരിക്കുമ്പോഴാണ് 100 സ്‌ട്രൈക്ക് റേറ്റില്‍ പോകുന്ന ഏകദിന വസന്തങ്ങള്‍ ടോപ് ഓര്‍ഡറില്‍ കുത്തി നിറക്കപ്പെടുന്നത്. ഒരു ടി20 ഔട്ട് ഫിറ്റിനു ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് പൃഥി ഷായെ പോലുള്ളൊരു എക്‌സ്‌പ്ലോസീവ് ഓപ്പണര്‍. പവര്‍ പ്ലെയില്‍ സ്‌കോര്‍ മാക്‌സിമൈസ് ചെയ്യാനുള്ള സമ്മര്‍ദ്ദത്തില്‍ നിന്നും രോഹിത് ശര്‍മക്ക് മോചനം നല്കാന്‍ കഴിവുള്ള ഏക ബാറ്റ്‌സ്മാന്‍, ബെഞ്ചിലിരുന്നു കളി കാണാനാണ് വിധിയെന്ന് മാത്രം. ഒട്ടും ഫോമിലല്ലാത്ത ഈ ഫോര്‍മാറ്റ് പ്രോപ്പറായി കളിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്ന ഒരു ടോപ് ഓര്‍ഡര്‍ ഡോട്ട് ബോളുകള്‍ കളിച്ചു വിക്കറ്റുകളും കളഞ്ഞു ഉണ്ടാക്കി വക്കുന്ന സമ്മര്‍ദ്ദം ഹാന്‍ഡില്‍ ചെയ്യുക എന്നതാണ് ഏതാണ്ടെല്ലാ കളികളിലും ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറിന്റെ ജോലി.
എല്ലായ്‌പ്പോഴും അവരതില്‍ വിജയിക്കണം എന്നില്ല.ഒരു പ്രഷര്‍ സിറ്റുവേഷനില്‍ അസാധാരണമായ ഒരിന്നിംഗ്‌സ് കളിച്ചു ടീമിനെ കരകയറ്റാന്‍ കെല്‍പുള്ള രണ്ടേ രണ്ടു ബാറ്റ്സ്മാന്‍മാരെ തല്‍ക്കാലമുള്ളൂ. സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ട്യയും. ഇവര്‍ പരാജയപ്പെടുന്ന കളികളില്‍ ടീമിന്റെ പരാജയം സുനിശ്ചിതമാണ്. ഇന്ത്യന്‍ ടീമിന്റെ പ്രത്യേകത ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ ഫോമിലല്ലാത്ത കളിക്കാരെ വരെ ഉള്‍പ്പെടുത്തി ടീമൊക്കെ നേരത്തെ ഉറപ്പിച്ചു കഴിഞ്ഞ ശേഷം ഇവരെ എങ്ങനെയെങ്കിലും ലോകകപ്പ് എത്തുമ്പോഴേക്കും ഫോമാക്കി എടുക്കാന്‍ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുക എന്നതാണ്. .ഇതിനിടക്ക് ചില യുവ കളിക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ടീമിലുള്ള ഫോമിലല്ലാത്ത കളിക്കാര്‍ക്ക് ഭീഷണിയായി അവര്‍ ഉയര്‍ന്നു വരുന്നത് തടയാന്‍ ടി ട്വന്റി സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ഏകദിനത്തില്‍ അവസരം കൊടുക്കുക ,ബാറ്റിംഗ് പൊസിഷനുകള്‍ നിരന്തരം മാറ്റി പരീക്ഷിക്കുക തുടങ്ങിയ കലാപരിപാടികളും നടത്താറുണ്ട് . ലോകകപ്പില്‍ ഓസ്ട്രേലിയ,ഇംഗ്ലണ്ട്,ന്യുസിലന്റ് ,ടീമുകളുടെ നിയര്‍ പെര്‍ഫെക്ട് ടി ട്വന്റി അപ്പ്രോച്ചിനെ ഏഷ്യന്‍ ടീമുകള്‍ എത്ര ദയനീയമായാണ് കൗണ്ടര്‍ ചെയ്യുന്നതെന്ന് കാണാന്‍ പോകുന്നതേയുള്ളൂ.