
തിരുവനന്തപുരം: നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ കുഞ്ഞിന് സമ്മാനങ്ങളുമായി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ഇരുവരും ഒട്ടേറെ സമ്മാനങ്ങളുമായി മകളെ കാണാനെത്തിയ വിവരം ബേസില്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സഞ്ജു, ചാരുലത എന്നിവര്‍ക്കൊപ്പം എലിസബത്തും മകള്‍ ഹോപ്പും മറ്റു കുടുംബാംഗങ്ങളുമുള്ള ചിത്രവും ബേസില്‍ പങ്കുവച്ചു. കുഞ്ഞ് ജനിച്ചതില്‍ സന്തോഷമറിയിച്ച് 'സഞ്ച' എന്ന പേരില്‍ ഇരുവരും മുന്‍പ് അയച്ച കാര്‍ഡും സെല്‍ഫിക്കൊപ്പം ബേസില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കടുത്ത ക്രിക്കറ്റ് ആരാധകനായ ബേസില്‍ സഞ്ജുവിന്റെ മത്സരങ്ങള്‍ കാണാനായി ഐപിഎല്‍ വേദികളില്‍ പോയിട്ടുണ്ട്.
സഞ്ജു അടുത്തതായി കളിക്കുന്ന ടൂര്‍ണമെന്റും ഐപിഎല്ലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്തിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജുവിനെ നിയമിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരമുണ്ട്. കൊച്ചി, കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് ജയിച്ചിരുന്നു. അവസാന രണ്ട് കളിയും തോറ്റ ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദും നേരത്തേ തന്നെ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്ന് സഞ്ജു അന്ന് പ്രതികരിച്ചിരുന്നു. സീസണിലെ അവസാന ഹോം മത്സരത്തിന് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ വീഡിയോ പുറത്തുവന്നു. 'നമ്മുടെ കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാന്‍ ഞാനുണ്ടാവും, എന്റെ കൂടെ നിങ്ങള്‍ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം' എന്നാണ് ആരാധകര്‍ക്ക് സഞ്ജുവിന്റെ സ്വാഗതം. 'അപ്പോള്‍ നാളെ കാണാം' എന്ന തലക്കെട്ടിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫോളോ-ഓണില്‍ ഗംഭീര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ചാരത്തില്‍ നിന്ന് ഉയർത്തെഴുന്നേറ്റ് ന്യൂസിലന്‍ഡ്