ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 24 റണ്‍സ് മാത്രം പിന്നിലാണ് ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ വെല്ലിംഗ്ടണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഇംഗ്ലണ്ടിന്‍റെ 435 റണ്‍സിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 209ന് പുറത്തായി 226 റണ്‍സിന്‍റെ ലീഡ് വഴങ്ങി ഫോളോ-ഓണ്‍ ചെയ്യുന്ന കിവികള്‍ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ 202/3 എന്ന ശക്തമായ നിലയിലാണ്. ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 24 റണ്‍സ് മാത്രം പിന്നിലാണ് ന്യൂസിലന്‍ഡ്.

ബാസ്ബോള്‍ ബ്രൂക്ക്

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബാസ്‍ബോള്‍ ശൈലിയില്‍ ബാറ്റ് വീശി ഒന്നാം ഇന്നിംഗ്സില്‍ 87.1 ഓവറില്‍ 435-8 എന്ന വമ്പന്‍ സ്കോറില്‍ ഡിക്ലൈയർ ചെയ്യുകയായിരുന്നു. ഹാരി ബ്രൂക്കും(186), ജോ റൂട്ടും(153) സെഞ്ചുറി നേടി. 176 പന്തില്‍ 24 ഫോറും അഞ്ച് സിക്സുകളും സഹിതം ബാസ്ബോള്‍ ശൈലിയില്‍ ആളിക്കത്തുകയായിരുന്നു ബ്രൂക്ക്. ബ്രൂക്കിന്‍റെ നാലാമത്തേയും റൂട്ടിന്‍റെ 29-ാമത്തേയും ടെസ്റ്റ് ശതകമാണിത്. നായകന്‍ ബെന്‍ സ്റ്റോക്സ് 27 റണ്‍സെടുത്ത് മടങ്ങി. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്‍‍റി നാലും മൈക്കല്‍ ബ്രേസ്‍വെല്‍ രണ്ടും നീല്‍ വാഗ്നറും നായകന്‍ ടിം സൗത്തിയും ഓരോ വിക്കറ്റും നേടി. 

കാത്ത് സൗത്തി

മറുപടി ബാറ്റിംഗില്‍ ജയിംസ് ആന്‍ഡേഴ്സണിന് മുന്നില്‍ കിവീസ് മുന്‍നിര തരിപ്പണമായപ്പോള്‍ മധ്യനിരയെ ജാക്ക് ലീച്ചും വാലറ്റത്തെ സ്റ്റുവർട്ട് ബ്രോഡും എറിഞ്ഞിട്ടു. ഇതോടെ ന്യൂസിലന്‍ഡിന് 53.2 ഓവറില്‍ 209 റണ്‍സേ നേടാനായുള്ളൂ. ഒന്‍പതാമനായി ക്രീസിലെത്തി 49 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും സഹിതം 73 റണ്‍സെടുത്ത ടിം സൗത്തിയാണ് കിവികളുടെ ടോപ് സ്കോറർ. ടോം ബ്ലെന്‍ഡല്‍ 38 റണ്‍സ് നേടി. സൗത്തി-ബ്ലെന്‍ഡല്‍ സഖ്യത്തിന്‍റെ എട്ടാം വിക്കറ്റിലെ 98 റണ്‍സ് വന്‍ തകർച്ചയ്ക്കിടയില്‍ ടീമിന് ആശ്വാസമായി. ഇംഗ്ലണ്ടിനായി ബ്രോഡ് നാലും ജിമ്മിയും ലീച്ചും മൂന്ന് വീതവും വിക്കറ്റ് നേടി. 

മികച്ച തുടക്കം

പിന്നാലെ ന്യൂസിലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യാന്‍ ഇംഗ്ലണ്ട് ക്ഷണിച്ചപ്പോള്‍ ലീഡ് കണ്ടെത്താന്‍ വേണ്ടി കിണഞ്ഞ് പരിശ്രമിക്കുകയാണ് കിവികള്‍. രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണർമാരായ ടോം ലാഥവും ദേവോണ്‍ കോണ്‍വേയും 149 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കി. 83 റണ്‍സെടുത്ത ലാഥമിനെ ജോ റൂട്ടും 61 നേടിയ കോണ്‍വേയെ ജാക്ക് ലീച്ചും പുറത്താക്കി. പിന്നാലെ എട്ട് റണ്‍സുമായി വില്‍ യങ്ങും ലീച്ചിന് കീഴടങ്ങി. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ കെയ്ന്‍ വില്യംസണും(81 പന്തില്‍ 25*), ഹെന്‍‍റി നിക്കോള്‍സുമാണ്(70 പന്തില്‍ 18) ക്രീസില്‍. 

പേര് സിക്സർ സൗത്തി എന്നാക്കണം, ധോണിയെ വരെ പിന്നിലാക്കി കിവീസ് താരം എലൈറ്റ് പട്ടികയില്‍