
മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരില്‍ മുംബൈ ഇന്ത്യൻസിനെതിരെ അപരാജിത സെഞ്ചുറിയിലൂടെ സഞ്ജു അടിച്ചെടുത്തത് നിരവധി റെക്കോര്‍ഡുകള്‍. ഐപിഎല്ലിന്‍റെ 19 സീസണ്‍ നീണ്ട ചരിത്രത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമെന്ന റെക്കോര്‍ഡാണ് സഞ്ജു ഇന്ന് അടിച്ചെടുത്തത്. ടി20 കരിയറിലെ എട്ടാം സെഞ്ചുറിയും ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയുമാണ് സഞ്ജു മുംബൈക്കെതിരെ ഇന്ന് നേടിയത്. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് സഞ്ജു ഒരു സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്നത്.
എട്ട് സെഞ്ചുറികള്‍ നേടിയതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ച താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനായി. 9 സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള വിരാട് കോലിയും അഭിഷേക് ശര്‍മയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മക്കൊപ്പമാണ് സഞ്ജുവിപ്പോള്‍.
ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താനും സഞ്ജുവിനായി. വിരാട് കോലി(8), ജോസ് ബട്‌ലര്‍(7), ക്രിസ് ഗെയ്ൽ(6), കെ എല്‍ രാഹുല്‍(5) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
ഐപിഎല്ലില്‍ ചെന്നൈക്കായി ഒരു സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. 2018ല്‍ ഷെയ്ന്‍ വാട്സണാണാണ് ഒരു സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള ആദ്യ ചെന്നൈ താരം. ചെന്നൈക്കായി രണ്ട് സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ മാത്രം താരവുമാണ് സഞ്ജു. ഷെയ്ന്‍ വാട്സണ്‍, മുരളി വിജയ്, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരും ചെന്നൈക്കായി ഐപിഎല്ലില്‍ രണ്ട് സെഞ്ചുറികള്‍ നേടിയവരാണ്. മുംബൈ പേസര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ച സഞ്ജു നേരിട്ട 40 പന്തില്‍ 83 റണ്‍സടിച്ചപ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരെ കരുതലോടെയാണ് കളിച്ചത്. സ്പിന്നര്‍മാരുടെ 14 പന്തുകള്‍ നേരിട്ട സഞ്ജു 18 റണ്‍സ് മാത്രമാണ് അടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!