സഞ്ജുവിന്റെ ഇരട്ട സെഞ്ചുറിക്ക് മുന്നില്‍ വീണത് ധോണി ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ വമ്പന്മാര്‍

By Web TeamFirst Published Oct 12, 2019, 5:00 PM IST
Highlights

ലിസ്റ്റ് എ ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ലോകക്രിക്കറ്റില്‍ ഒരു ലിസ്റ്റ് എ മാച്ചില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പറായിരിക്കുകയാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫിയില്‍ പുറത്താവാതെ 212 റണ്‍സാണ് സഞ്ജു നേടിയത്.

ബംഗളൂരു: ലിസ്റ്റ് എ ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ലോകക്രിക്കറ്റില്‍ ഒരു ലിസ്റ്റ് എ മാച്ചില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പറായിരിക്കുകയാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫിയില്‍ പുറത്താവാതെ 212 റണ്‍സാണ് സഞ്ജു നേടിയത്. ഗോവയ്‌ക്കെതിരെയായിരുന്നു സഞ്ജുവിന്റെ മാന്ത്രിക പ്രകടനം.

പാകിസ്ഥാന്‍ താരം ആബിദ് അലി കഴിഞ്ഞ വര്‍ഷം ഇസ്ലാമാബാദിനായി നേടിയ 209 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിന്റെ പ്രകടനത്തോടെ ആബിദ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാന്റെ തന്നെ കമ്രാന്‍ അക്മലാണ് മൂന്നാമത്. 200 റണ്‍സാണ് കമ്രാന്റെ പേരിലുളളത്.

2005ല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി പുറത്താവാതെ 183 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കാണ് തൊട്ടുപിന്നില്‍. 2016ല്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്കായി പുറത്താവാതെ 178 റണ്‍സ് നേടിയിരുന്നു. ഇത്രയും റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ഹെന്റി നിക്കോള്‍സ് ആറാമതായി.

click me!