
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്തിട്ടുണ്ട്. 27പന്തില്‍ 53 റണ്‍സുമായി സഞ്ജു സാംസണും 26 പന്തിൽ 22 റൺസുമായി മുഹമ്മദ് ഷാനുവും ക്രീസില്‍. ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത വിനൂപ് മനോഹരന്‍റെ വിക്കറ്റാണ് കൊച്ചിക്ക് നഷ്ടമായത്.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊച്ചിക്കായി ആദ്യ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കൊച്ചിക്ക് വിനൂപ് മനോഹരന്‍റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്‍റെ പന്തില്‍ അക്ഷയ് മനോഹറാണ് വിനൂപിനെ കൈയിലൊതുക്കിയത്. പിന്നാലെ സ്വന്തം ബൗളിംഗില്‍ ഷാനു നല്‍കിയ അവസരം നിധീഷ് കൈവിട്ടു. എന്നാല്‍ ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റണ്‍സടിച്ച സഞ്ജു പവര്‍ പ്ലേ പവറാക്കി.
സിജോമോൻ ജോസഫിന്‍റെ അടുത്ത ഓവറിലും രണ്ട് സിക്സുകള്‍ നേടിയ സഞ്ജുവിന് പക്ഷെ സിബിന്‍ ഗിരീഷ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ കാര്യമായി റണ്ണെടുക്കാനായില്ല. ഓവറിലെ അവസാന നാലു പന്ത് നേരിട്ട സഞ്ജുവിന് ഒരു റണ്‍ പോലും നേടാനായില്ല. ഇതോടെ കൊച്ചിയുടെ പവര്‍ പ്ലേ സ്കോര്‍ 52 റണ്‍സിലൊതുങ്ങി. മുഹമ്മദ് ഇഷാഖ് എറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ട് സിക്സുകൾ പറത്തിയ സഞ്ജു 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ആറ് സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഫിഫ്റ്റി.
കഴിഞ്ഞ മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 51 പന്തില്‍ 51 പന്തില്‍ 121 റണ്‍സെടുത്ത് ടീമിന്‍റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.കെസിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു മധ്യനിരയിലായിരുന്നു കളിച്ചത്. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങാതിരുന്ന സഞ്ജു ആലപ്പി റിപ്പിള്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയെങ്കിലും 22 പന്തില്‍ 13 റണ്‍സ് മാത്രം നേടാനെ കഴിഞ്ഞുള്ളു. ഒരു ബൗണ്ടറി പോലും നേടാതെ സഞ്ജു മടങ്ങിയത് ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!