
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ ടീമിനെ വരവേറ്റത് അപ്രതീക്ഷിത മഴയായിരുന്നു. ഇന്ത്യന്‍ ഏകദിന ടീം അംഗങ്ങള്‍ക്കൊപ്പം ടി20 ടീം അംഗങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം ഇന്ന് പരിശീലനത്തിന് എത്തിയിരുന്നു.
എന്നാല്‍ സൂപ്പര്‍ താരങ്ങളേറെ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കിടയില്‍ താരമായത് മലയാളികളുടെ സഞ്ജു സാംസണായിരുന്നു. മഴമൂലം അവസാന സെഷനിലെ പരിശീലനം മുടങ്ങിയപ്പോള്‍ മൂടിക്കെട്ടിയിരുന്ന കളിക്കാരെ പ്രചോദിപ്പിച്ചും അവരെ തമാശ പറഞ്ഞ് ചില്‍ ആക്കിയും ഇരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ വൈറലാവുകയും ചെയ്തു.
ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളായ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷദീപ് സിംഗ് എന്നിവരോടെല്ലാം സംസാരിച്ചും തമാശപറഞ്ഞും നില്‍ക്കുന്ന സഞ്ജുവിന്‍റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത്. ഐപിഎല്ലില്‍ സഞ്ജു നായകനായ രാജസ്ഥാന്‍ റോയല്‍ ടീന്‍റെ താരം കൂടിയാണ് അശ്വിന്‍.
മൂന്നാം ഏകദിനം; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ്, സഞ്ജുവിന് മൂന്നാമൂഴം
ഇതിന് പുറമെ ദിനേശ് കാര്‍ത്തിക്, രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ പ്രസിദ്ധ് കൃഷ്ണ, അശ്വിന്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും സഞ്ജു പങ്കുവെച്ചിരുന്നു. റോയല്‍ ക്ലബ്ബ് എന്ന അടിക്കുറിപ്പോടെ ദിനേശ് കാര്‍ത്തിക്കും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി പരസ്പരം മത്സരിക്കുന്നവരാണെങ്കിലും ഇഷാന്‍ കിഷനൊപ്പമുള്ള സഞ്ജുവിന്‍റെ സൗഹൃദ നിമിഷങ്ങളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഏകദിന പരമ്പരക്കുശേഷം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന സഞ്ജുവിന് ടി20 ടീമില്‍ ഇടം കിട്ടാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
കൊവിഡ് ബാധിതനായ കെ എല്‍ രാഹുലിന് ടി20 പരമ്പര പൂര്‍ണമായും നഷ്ടമാവും. ഈ സാഹചര്യത്തില്‍ രാഹുലിന്‍റെ പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നു.