
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാം നമ്പറില്‍ ഇറക്കിയതിനെതിരെ വിമര്‍ശനം ഉയരുമ്പോഴും സഞ്ജുവിനെ ഫിനിഷറായാണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്യാറുള്ള സഞ്ജുവിനെ ആറാം നമ്പറിലേക്ക് മാറ്റിയത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്നും ഉത്തപ്പ പറഞ്ഞു.
അടുത്തവര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് സഞ്ജുവിന് ആറാം നമ്പറില്‍ തുടര്‍ച്ചയായി അവസരം നല്‍കണമെന്നും ഉത്തപ്പ ആവശ്യപ്പെട്ടു. സഞ്ജുവിനെ ആറാം നമ്പറില്‍ ഫിനിഷറാക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ച സാഹചര്യത്തില്‍ സഞ്ജുവിന് ഇനി തുടര്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഫിനിഷറായാണ് പരിഗണിക്കുന്നതെങ്കില്‍ ടീമിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ ആ സ്ഥാനത്ത് അവസരത്തുടര്‍ച്ച നല്‍കേണ്ടതുണ്ട്.
കൂടുതല്‍ മത്സരങ്ങളില്‍ ആ സ്ഥാനത്ത് കളിച്ചാല്‍ മാത്രമെ സഞ്ജുവിന് തന്‍റെ റോളിനെക്കുറിച്ച് വ്യക്തത ലഭിക്കുവെന്നും ഉത്തപ്പ ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടുക ബുദ്ധിമുട്ടായിരിക്കുമെന്നും അടുത്ത ഐപിഎല്ലില്‍ സീസണിലും ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്നും ഉത്തപ്പ പറഞ്ഞു.
ഇന്ത്യക്കായി ഇതുവരെ കളിച്ച 18 ടി20 മത്സരങ്ങളില്‍ നാലാം നമ്പര്‍ മുതല്‍ എട്ടാം നമ്പറില്‍ വരെ സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വിന്‍ഡീസിനെതിരെ നാലാം നമ്പറില്‍ സഞ്ജു ഇറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അരങ്ങേറ്റ താരം തിലക് വര്‍മയായിരുന്നു ഇറങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യക്കും ശേഷമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. 12 റണ്‍സെടുത്ത് റണ്ണൗട്ടായതോടെ ഫിനിഷറായ ആദ്യ മത്സരത്തില്‍ സഞ്ജുവിനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!