പവര്‍ പ്ലേയിലെ അഞ്ചാം ഓവര്‍ എറിയാനെത്തിയ ചാഹല്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കെയ്ല്‍ മയേഴ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. മൂന്നാം പന്തില്‍ ബ്രാണ്ടന്‍ കിംഗിനെയും ചാഹല്‍ പുറത്താക്കി. പിന്നീട് ഫോറും സിക്സും വഴങ്ങിയ ചാഹലിനെ ഹാര്‍ദ്ദിക് പിന്നീട് പതിമൂന്നാം ഓവറിലാണ് പന്തെറിയാന്‍ വിളിച്ചത്.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നിര്‍ണായക പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മത്സരത്തില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ വേണ്ടരീതിയില്ഡ ഹാര്‍ദ്ദിക്കിന് ഉപയോഗിക്കാന്‍ കഴിയാഞ്ഞതാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്ന് ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ബൗളര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. അതിനുശേഷം ചാഹല്‍ പന്തെറിയാനെത്തി. ഒരോവറില്‍ ചാഹല്‍ രണ്ട് വിക്കറ്റെടുത്ത് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയെങ്കിലും ചാഹലിന് തന്‍റെ നാലോവര്‍ പോലും പൂര്‍ത്തിയാക്കാനായില്ല. വിക്കറ്റ് വീഴ്ത്തിയ ഓവറിനുശേഷം ചാഹലിനെക്കൊണ്ട് പന്തെറിയിച്ചതുമില്ല. ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും ചാഹലിന് നാലോവര്‍ എറിയാനാവാത്തത് ഹാര്‍ദ്ദിക്കിന്‍റെ പിഴവായിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 145 റണ്‍സെടുക്കനെ കഴിഞ്ഞുള്ളു.
