
ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകും. മൂന്നാം ടി20യ്ക്കുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന ടീം ലിസ്റ്റിലാണ് സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം വ്യക്തമായത്. ഇന്ത്യയുടെ ടീം ഷീറ്റില്‍ സഞ്ജുവിന്‍റെ പേരിന് നേരെ വിക്കറ്റ് കീപ്പര്‍/ വൈസ് ക്യാപ്റ്റന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നില്ല. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബാര്‍ബഡോസിലെ കൊടുങ്കാറ്റ് മൂലം വെസ്റ്റ് ഇന്‍ഡീസില്‍ കുടുങ്ങിയ ഇന്ത്യൻ ടീമിനൊപ്പമായിരുന്ന സഞ്ജുവിനും യശസ്വി ജയ്സ്വാളിനും ശിവം ദുബെക്കും ആദ്യ രണ്ട് മത്സരങ്ങളിലും സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നു.പിന്നീട് ഇന്ത്യൻ ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങിയ സഞ്ജു ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നിലും മുംബൈയിലെ വിക്ടറി മാര്‍ച്ചിലും പങ്കെടുത്തശേഷമാണ് ശിവം ദുബെക്കും യശസ്വി ജയ്സ്വാളിനുമൊപ്പം സിംബാബ്‌വെയിലേക്ക് പോയത്.
തകർത്തടിച്ച് ഗില്ലും റുതുരാജും; ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് 183 റൺസ് വിജയലക്ഷ്യം, ഫിനിഷറായി സഞ്ജു
ശുഭ്മാന്‍ ഗില്ലാണ് സിംബാബ്‌വെയില്‍ ഇന്ത്യയെ നയിക്കുന്നത്. യുവതാരങ്ങളടങ്ങിയ ടീമിലെ സീനിയര്‍ താരമാണ് സഞ്ജു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ കൂടിയാണ് സഞ്ജു. സഞ്ജുവിന് കീഴില്‍ ആദ്യ സീസണില്‍ ഫൈനലിലെത്തിയ രാജസ്ഥാന്‍ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കളിച്ചിരുന്നു.
ടി20 ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിനും യശസ്വിക്കും സിംബാബ്‌വെക്കെതിരായ മൂന്നാം മത്സരത്തില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവര്‍ക്കുമൊപ്പം ശിവം ദുബെയും പ്ലേയിംഗ് ഇലവനിലെത്തി. പതിനെട്ടാം ഓവറില്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സഞ്ജു ഏഴ് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക