തക‍ർത്തടിച്ച് ഗില്ലും റുതുരാജും; ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് 183 റൺസ് വിജയലക്ഷ്യം, ഫിനിഷറായി സഞ്ജു

Published : Jul 10, 2024, 06:03 PM IST
തക‍ർത്തടിച്ച് ഗില്ലും റുതുരാജും; ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് 183 റൺസ് വിജയലക്ഷ്യം, ഫിനിഷറായി സഞ്ജു

Synopsis

മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗില്ലും റുതുരാജും തകര്‍ത്തടിച്ചതോടെ ഇന്ത്യ 13 ഓവറില്‍ 100 കടന്നു.

ഹരാരെ: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്ലും റുതുരാജ് ഗെയ്ക്‌വാദും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 49 പന്തില്‍ 66 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റുതുരാജ് ഗെയ്ക്‌വാദ് 28 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്സ്‌സ്വാള്‍ 36ഉം അഭിഷേക് ശര്‍മ 10 ഉം റണ്‍സെടുത്ത് പുറത്തായി. പതിനെട്ടാം ഓവറില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയോടെ 12 റണ്‍സുമായും റിങ്കു സിംഗ് ഒരു റണ്ണുമായും പുറത്താകാതെ നിന്നു.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്ലും യശസ്വിയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആറോവറില്‍ 55 റണ്‍സടിച്ചു. ആദ്യ മൂന്നോവറില്‍ 41 റണ്‍സടിച്ച ഗില്ലിനും യശസ്വിക്കും പവര്‍പ്ലേയിലെ അടുത്ത മൂന്നോവറില്‍ 14 റണ്‍സെ നേടാനായുള്ളു. 16 മത്സരങ്ങള്‍ക്ക് ശേഷമാണ് ടി20യില്‍ ഇന്ത്യൻ ഓപ്പണര്‍മാര്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്നത്. 2023 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ ജയ്സ്വാളും റുതുരാജും ചേര്‍ന്നാണ് അവസാനം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയത്. എട്ടോവറില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗില്‍-ജയ്സ്വാള്‍ സഖ്യം ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ വേര്‍പിരിഞ്ഞു. യശസ്വിയെ(27 പന്തില്‍ 36) മടക്കി സിക്കന്ദര്‍ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഗംഭീര്‍ കോച്ചായതിന് പിന്നാലെ ദ്രാവിഡിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്തിന്‍റെ ഭാര്യ റിതിക

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ അഭിഷേഖ് ശര്‍മയാണ് മൂന്നാം നമ്പറില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന അഭിഷേക് പതിനൊന്നാം ഓവറില്‍ ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. 80 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യൻ സ്കോര്‍. സിംബാബ്‌വെ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ഇന്ത്യയെ തുണച്ചു. റുതുരാജ് ഗെയ്ക്‌വാദിനെ രണ്ട് തവണ കൈവിട്ട സിംബാബ്‌വെ ഫീല്‍‍ഡര്‍മാര്‍ കൈവിട്ടു.

ഐസിസി ടി20 റാങ്കിംഗിലും അരങ്ങേറി അഭിഷേക് ശര്‍മ, ആദ്യ പത്തിലെത്തി റുതുരാജ്, സൂര്യകുമാര്‍ രണ്ടാമത്

മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗില്ലും റുതുരാജും തകര്‍ത്തടിച്ചതോടെ ഇന്ത്യ 13 ഓവറില്‍ 100 കടന്നു. വെസ്ലി മധേവെരെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 19 റണ്‍സടിച്ചാണ് ഇന്ത്യ 100 കടന്നത്. 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഗില്‍ പതിനെട്ടാം ഓവറില്‍ മുസര്‍ബാനിയുടെ പന്തില്‍ പുറത്തായി. 49 പന്തില്‍ 66 റണ്‍സെടുത്ത ഗില്‍ മൂന്ന് സിക്സും ഏഴ് ഫോറും പറത്തി. പിന്നാലെ സഞ്ജു സാംസണ്‍ ക്രീസിലെത്തി. സ്ലോ പിച്ചില്‍ തുടക്കത്തില്‍ താളം കണ്ടെത്താൻ സഞ്ജുവിനായില്ല. എങ്കിലും റുതുരാജ് തകര്‍ത്തടിച്ചതോടെ മികച്ച സ്കോറിലേക്ക് നീങ്ങി. ഇന്നിംഗ്സിലെ അവസാന പന്ത് ബൗണ്ടറി അടിച്ച സഞ്ജുവാണ് ഇന്ത്യയെ 182ല്‍ എത്തിച്ചത്. സിംബാബ്‌വെക്കായി മുസര്‍ബാനി രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം