ജഡേജയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു; വ്യക്തമാക്കി സഞ്ജു സാംസണ്‍

By Web TeamFirst Published Dec 4, 2020, 10:32 PM IST
Highlights

ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു അവസാന ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് ഇടിച്ചത്. തുടര്‍ന്നും ബാറ്റ് ചെയ്ത അദ്ദേഹം ഇന്നിങ്സ് പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. 

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി2യിലെ കണ്‍ക്കഷന്‍ സബ്‌സ്റ്റിയൂട്ടിനെ കുറിച്ച് ഒരുപാട് സംസാരങ്ങള്‍ നടന്നുകഴിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി. ഇംഗ്ലീഷ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും തന്റെ അഭിപ്രായം വ്യക്തമാക്കി. ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ടീമിലെ മലയാളി താരം സഞ്ജു സാംസണ്‍.  

സഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ... ''അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ജഡേജയുടെ ഹെല്‍മെറ്റില്‍ ഇടിച്ചിരുന്നു. പിന്നീട് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഫിസിയോ ചോദിച്ചു, എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടോ എന്ന്. ജഡേജ മറുപടി പറഞ്ഞത് ചെറിയ അസ്വസ്ഥതകള്‍ നേരിടുന്നുണ്ടെന്നാണ്. ഇതോടെ അദ്ദേഹത്തിന് നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നു. അതുകൊണ്ടാണ് പിന്നീട് ഇറങ്ങാതിരുന്നത്.'' 

ജഡേജയ്ക്ക് അനുഭവപ്പെട്ട പേശിവലിവിനെ കുറിച്ച് ഡോക്ടര്‍മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്‌പെല്ലിനേയും സഞ്ജു പ്രശംസിച്ചു. ''ടീം എത്രത്തോളം ക്ലാസാണെന്നാണ് ചാഹലിന്റെ സ്‌പെല്‍ തെളിയിക്കുന്നത്. എപ്പോള്‍ വിളിച്ചാലും എന്തിനും തയ്യാറുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ചാഹലിന് ലഭിച്ച അവസരം അദ്ദേഹം മുതലാക്കി.'' സഞ്ജു പറഞ്ഞു നിര്‍ത്തി. 

ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു അവസാന ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് ഇടിച്ചത്. തുടര്‍ന്നും ബാറ്റ് ചെയ്ത അദ്ദേഹം ഇന്നിങ്സ് പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. ഓസീസ് ഇന്നിങ്സില്‍ ജഡേജയ്ക്കു ഇറങ്ങാനായില്ല. തുടര്‍ന്നാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന ചഹലിനെ ഇന്ത്യ ഉള്‍പ്പെുത്തിയത്. മാച്ച് റഫറി ഡേവിഡ് ബൂണാണ് അനുമതി നല്‍കിയത്.

click me!