
കൊല്‍ക്കത്ത: ചാംപ്യന്‍സ് ട്രോഫി ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സഞ്ജു സാംസണ്‍ കൊല്‍ക്കത്തിയിലെത്തി. ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു പരിശീലനം തുടങ്ങി. ഇതിനിടെ സഞ്ജുവിന് പിന്തുണ കിട്ടാത്തത് ഖേദകരമാണെന്ന് കേരള ടീം മുന്‍ പരിശീലകന്‍ പി ബാലചന്ദ്രന്‍ പറഞ്ഞു. ചാംപ്യന്‍സ് ട്രോഫിയില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റാറായി എത്തുമെന്ന സഞ്ജു സാംസണിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ തകര്‍ത്താണ് ഇന്നലെ അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സമിതിയുടെ ടീം പ്രഖ്യാപനം വന്നത്.
സഞ്ജുവിന് പകരം റിഷഭ് പന്തിന് അവസരം നല്‍കിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അജിത് അഗാര്‍ക്കറോ നായകന്‍ രോഹിത് ശര്‍മ്മയോ തയ്യാറായില്ല. വിജയ് ഹാസരെ ട്രോഫിയില്‍ സഞ്ജു കളിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് പിന്നാലെ റിപ്പോര്‍ട്ടുകളും വന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോയാണ് സഞ്ജുവിനെ വിജയ്ഹസാരെ ട്രോഫിയില്‍ കളിപ്പിക്കാതിരുന്നതെന്ന് തരൂര്‍ തുറന്നടിച്ചു. ഇതോടെ പ്രതിരോധവുമായി കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജും രംഗത്തെത്തി. വിവാദങ്ങളോട് സഞ്ജു തത്ക്കാലം പ്രതികരിക്കില്ലെന്നാണ് സൂചന.
വിജയ ഹസാരെ ട്രോഫിയില്‍ തിളങ്ങിയ കരുണ്‍ നായരെ ടീമിലെടുക്കാതെ സഞ്ജുവിന്റെ കാര്യത്തില്‍ ഈ നിബന്ധന പറയുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് കേരള ടീം മുന്‍ പരിശീലകന്‍ ബാലചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരന്പരയ്ക്കായി ഇന്നലെ വൈകീട്ട് കൊല്‍ക്കത്തയിലെത്തിയ സഞ്ജു സാംസണ്‍ ഇന്ന് മുതല്‍ ബാറ്റിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടു. അഞ്ച് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പരമ്പരയ്ക്ക് 22 നാണ് തുടക്കമാവുക. സഞ്ജു ഓപ്പണറായി തന്നെ തുടരാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!