ബിസിസിഐ നിര്‍ദേശം അവഗണിച്ചതിന്‍റെ പേരിലാണ് കിഷനെ പിന്നീട് കരാറില്‍ നിന്ന് പുറത്താക്കിയതും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതും. കിഷനൊപ്പം ശ്രേയസ് അയ്യരെയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിന് കരാറില്‍ നിന്നൊഴിവാക്കി.
മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇഷാന്‍ കിഷനും പേസര്‍ മുഹമ്മദ് ഷമിക്കും. ഷമിയെ കരാറില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടും ലോകകപ്പ് ടീമിലെത്തിയിട്ടും ഇഷാന്‍ കിഷനെ പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി.
കഴിഞ്ഞ വര്‍ഷം ചാമ്പ്യൻസ് ട്രോഫി കളിച്ചശേഷം പരിക്കിനെ തുടര്‍ന്ന് ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഷമി ഇനി സെലക്ടർമാരുടെ പദ്ധതികളിൽ ഇല്ല എന്നതിന്‍റെ സൂചനയായാണ് ഈ ഒഴിവാക്കൽ വിലയിരുത്തപ്പെടുന്നത്. ഇതോടെ അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന ഷമിയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ഷമിക്ക് വിനയായതെന്നാണ് കരുതുന്നത്.
നല്ല കുട്ടിയായിട്ടും ഇഷാനോട് കനിവില്ല
26-ാം വയസില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റിന്‍റെ പടിവാതില്‍ക്കല്‍ ബാറ്റ് ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നതാണ് ഇഷാന്‍ കിഷന്‍. 2023ലെ ഏകദിന ലോകകപ്പ് ടീമില്‍ കളിച്ച ഇഷാന്‍ കിഷന്‍ പെട്ടെന്നാണ് ബിസിസിഐയുടെ ഇഷ്ടക്കേടിനെത്തുടര്‍ന്ന് ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് അപ്രത്യക്ഷനായത്. പ്ലേയിംഗ് ഇലവനില്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് അവധിയെടുത്ത ഇഷാന്‍ കിഷനോട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐയും അന്നത്തെ പരിശീലകനായിരുന്ന രാഹുര്‍ ദ്രാവിഡും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ തയാറാവാതിരുന്ന കിഷന്‍ ഐപിഎല്ലില്‍ കളിക്കാനാണ് താല്‍പര്യപ്പെട്ടത്.
ബിസിസിഐ നിര്‍ദേശം അവഗണിച്ചതിന്‍റെ പേരിലാണ് കിഷനെ പിന്നീട് കരാറില്‍ നിന്ന് പുറത്താക്കിയതും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതും. കിഷനൊപ്പം ശ്രേയസ് അയ്യരെയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിന് കരാറില്‍ നിന്നൊഴിവാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിച്ച കിഷന്‍ മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനത്തിലൂടെ ടീമിനെ ചാമ്പ്യൻമാരാക്കി. ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ റിസര്‍വ് കീപ്പറായി എത്തി സഞ്ജു സാംസണിന്‍റെ ഫോമില്ലായ്മ മൂലം പ്രധാന കീപ്പറായിട്ടും ഇഷാന്‍ കിഷനോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ ബിസിസിഐ തയാറായിട്ടില്ലെന്നതിന്‍റെ സൂചനയായി ഇത്. കഴിഞ്ഞ വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ ഇന്ത്യക്കായി കളിച്ച താരങ്ങളെയാണ് കരാറിനായി പരിഗണിക്കുന്നതെന്ന് കിഷന്‍ കഴിഞ്ഞ വര്‍ഷം ഒരു മത്സരത്തില്‍ പോലും ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നതും ന്യായമാണ് ബിസിസിഐ കിഷനെ ഒഴിവാക്കിയതിനായി പറയുന്നത്.
സര്‍ഫറാസിനോടും തുടരുന്ന അവഗണന
കഴിഞ്ഞ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണച്ചില്‍ കോച്ച് ഗൗതം ഗംഭീറിന്‍റെ അനിഷ്ടത്തിന് പാത്രമായ സര്‍ഫറാസ് ഖാനെയും വാര്‍ഷിക കരാറിന് പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചുകൂട്ടിയിട്ടും പിന്നീട് ഒരിക്കലും സര്‍ഫറാസിനെ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്ന സര്‍ഫറാസിന് കഴിഞ്ഞ വര്‍ഷം ഒരു മത്സരത്തില്‍ പോലും ഇന്ത്യക്കായി കളിക്കാതിരുന്നതും കരാറില്‍ നിന്ന് പുറത്താവാന്‍ കാരണമായി.
രജത് പാട്ടിദാറും മുകേഷും പുറത്തായി
കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്ക് കന്നിക്കിരീടം നേടിക്കൊടുക്കുകയും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുകയും ചെയ്തിട്ടും രജത് പാട്ടീദാറിനെ കരാറില്‍ നിന്ന് ഒഴിവാക്കി. അതുപോലെ ബംഗാള്‍ പേസറായ മുകേഷ് കുമാറിനെയും സി ഗ്രേഡ് കരാറില്‍ നിന്ന് ഒഴിവാക്കി.
ശ്രേയസിനും സുദര്‍ശനും റുതുരാജിനും നേട്ടം
രണ്ട് വര്‍ഷമായി കരാറില്‍ നിന്ന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ക്ക് വാര്‍ഷിക് കരാറില്‍ തിരിച്ചെത്താനായി. ഏകദിന ടാീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണിപ്പോള്‍ ശ്രേയസ്. തമിഴ്നാട് ഓപ്പണര്‍ സായ് സുദര്‍ശന് കരാര്‍ ലഭിച്ചതും നേട്ടമായി. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനും കരാര്‍ നിലനിര്‍ത്താനായി. കഴിഞ്ഞ വര്‍ഷം 34 താരങ്ങള്‍ക്കാണ് കരാര്‍ നല്‍കിയതെങ്കില്‍ ഇത്തവണ 30 താരങ്ങൾക്കാണ് വാര്‍ഷിക കരാര്‍ നല്‍കിയിരിക്കുന്നത്.
