അരങ്ങേറിയിട്ട് 7 വര്‍ഷം, രാജ്യത്തെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം; ആവേശമുണര്‍ത്തി സഞ്ജു

By Web TeamFirst Published Feb 27, 2022, 8:56 AM IST
Highlights

വിമര്‍ശകര്‍ക്ക് എണ്ണിയെണ്ണി കൊടുത്ത മൂന്ന് പടുകൂറ്റന്‍ സിക്‌സറുകള്‍, കളി ഇന്ത്യയുടെ വരുതിയിലാക്കിയ ഒരൊറ്റ ഓവര്‍... സന്തോഷം മറച്ചുവെക്കാതെ സഞ്ജു

ശ്രീലങ്കക്കെതിരായ (IND vs SL) ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തിന് പിന്നാലെ സന്തോഷം മറച്ചുവയ്ക്കാത്ത പ്രതികരണവുമായി സഞ്ജു വി സാംസണ്‍ (Sanju Samson).  ഏഴ് വർഷമായി ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ഇന്നാണ് എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാൻ കാരണമായ ഒരു ഫലപ്രദമായ  ഇന്നിംഗ്സ് കളിക്കാൻ സാധിച്ചത്. വളരെയധികം സന്തോഷമുണ്ട്. എന്നായിരുന്നു മത്സര ശേഷം സഞ്ജുവിന്‍റെ (Sanju V Samson) പ്രതികരണം.  ശ്രേയസ് അയ്യരുമായുള്ള പാര്‍ട്ണര്‍ഷിപ്പിനിടെ താളം കണ്ടെത്താന്‍ ഇത്തിരി സമയമെടുത്തതിനേക്കുറിച്ചും സഞ്ജു തുറന്നുപറയുന്നുണ്ട്.

ക്വാറന്‍റൈനും ബബിളിലെ ജീവിതവും ബൌണ്ടറിയിലെത്തിക്കാന്‍ അല്‍പസമയം വേണ്ടി വന്നുവെന്നും സഞ്ജു പ്രതികരിക്കുന്നു. ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ആരാധകര്‍ കാണാനാഗ്രഹിച്ച പ്രകടമായിരുന്നില്ല സഞ്ജുവില്‍ നിന്ന് തുടക്കത്തില്‍ വന്നത്.

Sanju Samson: Really special day for me. I made my debut seven years ago and finally contributing positively to the team's success means a lot to me playing for the country. pic.twitter.com/I1WvdOrPhC

— Cricbuzz (@cricbuzz)

നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു ശക്തമായ എല്‍ബിഡബ്ല്യു അപ്പീലിനെ അതിജീവിച്ചു. ശ്രീലങ്ക റിവ്യു എടുത്തെങ്കിലും സഞ്ജു രക്ഷപ്പെട്ടു. പിന്നീട് 12 പന്തില്‍ ആറ് റണ്‍സെടുത്തു നില്‍ക്കെ ഷനകയുടെ പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ച് ലോംഗ് ഓണില്‍ ലങ്കന്‍ ഫീല്‍ഡല്‍ നിലത്തിടുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. സഞ‌്ജു താളം കണ്ടെത്താന്‍ വിഷമിക്കുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചു തകര്‍ത്തത് റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദം ഇന്ത്യയില്‍ നിന്ന് അകറ്റി. പതിമൂന്നാം ഓവറിലാണ് സഞ്ജു വിശ്വരൂപം പുറത്തെടുത്തത്. അതുവരെ ശ്രേയസിന്‍റെ ചിറകിന് കീഴില്‍ പതുങ്ങി നിന്ന സഞ്ജു കുമാരയുടെ ഓവറില്‍ പറത്തിയത് എണ്ണം പറഞ്ഞ മൂന്ന് സിക്സുകളും ഒരു ബൗണ്ടറിയും. 23 റണ്‍സ് പിറന്ന ആ ഓവറാണ് കളിയുടെ ഗതി പൂര്‍ണമായും ഇന്ത്യക്ക് അനുകൂലമാക്കിയത്. അതുവരെ വിജയത്തിലേക്ക് ഒന്ന് എറിഞ്ഞു നോക്കാമെന്ന് കരുതിയ ലങ്കയുടെ അവസാന പ്രതീക്ഷയും ബൗണ്ടറി കടത്തുന്നതായിരുന്നു സ‍ഞ്ജുവിന്‍റെ ആ മൂന്ന് പടുകൂറ്റന്‍ സിക്സുകള്‍.

click me!