ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ലോകത്തെ വലിയ പോരാട്ടമാണെന്ന തരത്തിലുള്ള ഹൈപ്പുകള്‍ ഇനി അവസാനിപ്പിക്കണമെന്നും, നിലവിലെ പാകിസ്ഥാന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ മൂന്നാം നിര ടീം മതിയെന്നും ശ്രീകാന്ത് പരിഹസിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി 15-ന് കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് പാകിസ്ഥാനെ തകര്‍ത്തിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് 8-1 ആയി ഉയര്‍ന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റിംഗ് നിരയാണിതെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. സയീദ് അന്‍വര്‍, ഇന്‍സമാം ഉള്‍ ഹഖ്, റമീസ് രാജ എന്നിവര്‍ കളിച്ചിരുന്ന കാലത്തെ പാകിസ്ഥാന്‍ ടീമിനെ ഓര്‍മ്മിപ്പിച്ച അദ്ദേഹം, ബാബര്‍ അസമാണ് പാകിസ്ഥാന്റെ പ്രധാന ബാറ്ററെങ്കില്‍ അവര്‍ ടി20 കളിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്ന് തുറന്നടിച്ചു.

ഷഹീന്‍ അഫ്രീദിയെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങള്‍ വെറും പുകമറ മാത്രമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വഖാര്‍ യൂനിസിനെയും വസീം അക്രമിനെയും പോലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരെ സൃഷ്ടിച്ചിരുന്ന പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു നല്ല പേസര്‍ പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് ലഭിച്ചിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗയുടെ തീരുമാനം അത്യന്തം വിഡ്ഢിത്തമായിരുന്നുവെന്നും ഈ തീരുമാനം പരിശീലകന്‍ മൈക്ക് ഹെസ്സന്റേതാണോ അതോ നായകന്റേതാണോ എന്നും ശ്രീകാന്ത് ചോദിച്ചു.

തോല്‍വിയെ കുറിച്ച് ശ്രീകാന്ത് പറഞ്ഞതിങ്ങനെ... ''സത്യം പറയട്ടെ, ഇന്ത്യയുടെ മൂന്നാം നിര ടീം പോലും പാകിസ്ഥാനെ തകര്‍ക്കും. പ്രധാന ടീം ലഭ്യമല്ലെന്നും ഇന്ത്യ സി ടീം വരുമെന്നും നമ്മള്‍ പറയണം. അവര്‍ നിങ്ങളെ തോല്‍പ്പിച്ചോളും.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പരിഹസിച്ചു.

ഇന്ത്യയോടേറ്റ പരാജയത്തോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 സാധ്യതകള്‍ തുലാസിലായി. ഫെബ്രുവരി 18ന് നമീബിയക്കെതിരെ നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ നേരിയ സാധ്യതയെങ്കിലും ഉണ്ടാകൂ.

YouTube video player