
ഡബ്ലിന്‍: ടി20 ലോകകപ്പിന്(T20 World Cup 2022) മുമ്പ് യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമായിരുന്നു ഇന്ത്യയുടെ അയർലന്‍ഡ് പര്യടനം(India Tour of Ireland 2022). ഇതിനാലാണ് രണ്ട് ടി20കളിലായി പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ടീം ഇന്ത്യ പരിശ്രമിച്ചത്. അവസരം മുതലാക്കി നിരവധി താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇന്ത്യയുടെ അയർലന്‍ഡ് പര്യടനത്തിലെ പ്രധാനപ്പെട്ട മൂന്ന് നേട്ടങ്ങള്‍ നോക്കാം.
സഞ്ജു സാംസണ്‍
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു സാംസണ്‍ ഗംഭീരമാക്കിയതാണ് പരമ്പരയിലെ ശ്രദ്ധേയ കാര്യങ്ങളിലൊന്ന്. രണ്ടാം ടി20യില്‍ അവസരം ലഭിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സ് അടിച്ചെടുത്തു. സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിലെ ഉയർന്ന സ്കോർ കൂടിയാണിത്. രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡയ്ക്കൊപ്പം 176 റണ്‍സിന്‍റെ റെക്കോർഡ് കൂട്ടുകെട്ട് സഞ്ജു സ്ഥാപിക്കുകയും ചെയ്തു. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യന്‍ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടാണിത്. ഐപിഎല്ലിലെ മികവ് തുടരുകയായിരുന്നു മലയാളി താരം. ഐപിഎല്ലില്‍ സഞ്ജു ഈ സീസണിൽ 17 കളിയിൽ രണ്ട് അർധസെഞ്ചുറിയോടെ 458 റൺസെടുത്തിരുന്നു.
ദീപക് ഹൂഡ
അപ്രതീക്ഷിതമായി ലഭിച്ച ബാറ്റിംഗ് സ്ഥാനക്കയറ്റം ഭയരഹിതമായ പ്രകടനം കൊണ്ട് ദീപക് ഹൂഡ ആഘോഷമാക്കുന്നതാണ് ആരാധകർ കണ്ടത്. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഹൂഡ. രോഹിത് ശർമ്മ, കെ എല്‍ രാഹുല്‍, സുരേഷ് റെയ്ന എന്നിവരാണ് മുന്‍ഗാമികള്‍. രണ്ടാം ടി20യില്‍ 57 പന്തില്‍ 104 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടാം ടി20യിലെ മികച്ച താരമായതിനൊപ്പം രണ്ട് മത്സരങ്ങളില്‍ 151 റണ്‍സുമായി പരമ്പരയുടെ താരവുമായി. 151.00 ആണ് ബാറ്റിംഗ് ശരാശരി എങ്കില്‍ 175.58 ആണ് സ്ട്രൈക്ക് റേറ്റ്. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായി ഓപ്പണറായിറങ്ങി 29 പന്തില്‍ പുറത്താകാതെ 47* റണ്‍സ് ഹൂഡ നേടിയിരുന്നു.
ഹാർദിക് പാണ്ഡ്യ
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹാർദിക് പാണ്ഡ്യക്ക് അഭിമാനിക്കാം. രണ്ടാം ടി20യില്‍ വിയർത്തെങ്കിലും ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം നേടി. രാജ്യാന്തര ടി20യില്‍ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്‍റെ ഭാവി ക്യാപ്റ്റനായി പാണ്ഡ്യയെ ഇതിനകം പലരും വിലയിരുത്തിക്കഴിഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ കിരീടത്തിലേക്ക് ഹാർദിക് പാണ്ഡ്യ നയിച്ചിരുന്നു.
IRE vs IND : മലയാളിപ്പട പൊതിഞ്ഞു, അയർലന്‍ഡില്‍ താരമായി സഞ്ജു സാംസണ്‍; വീഡിയോയും ചിത്രങ്ങളും വൈറല്‍